നിയമലംഘകരെ സഹായിക്കുന്നവർക്ക് തടവും പിഴയും; മുന്നറിയിപ്പുമായി സൗദി

നിയമലംഘകരെ സഹായിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി പാസ്പോര്‍ട്ട് വിഭാഗം. ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇതിനുള്ള ശിക്ഷ. ഹൂറൂബ് കേസില്‍ പെട്ട വിദേശികള്‍ക്ക് പിന്നീട് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

നിയമലംഘകര്‍ക്ക് ജോലി നല്കുക, താമസ-യാത്രാ സൌകര്യങ്ങള്‍ നല്കുക തുടങ്ങിയവയെല്ലാം കുറ്റകരമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. പിടിക്കപ്പെടുന്നത് വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. ഇതിന് പുറമെ നിയമലംഘകരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കില്ല. ജോലിക്കു വെച്ച ഉദ്യോഗസ്ഥനു ഒരു വര്‍ഷം വരെ തടവില്‍ കഴിയേണ്ടി വരും. വിദേശിയാണെങ്കില്‍ ഉദ്യോഗസ്ഥനെ നാടു കടത്തുകയും ചെയ്യുമെന്നു പാസ്പോർട്ട് വിഭാഗം വ്യക്തമാക്കി.

ജോലിസ്ഥലത്ത് നിന്നും ഒളിച്ചോടി ഹുറൂബ് കേസില്‍പ്പെട്ടവരും ഗാര്‍ഹിക തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും പാസ്പോർട്ട് വിഭാഗം വിശദീകരിച്ചു. അതേസമയം ഹൂറൂബ് കേസുകള്‍ അബ്ശിര്‍ വഴി റദ്ദാക്കാന്‍ സാധിക്കില്ല. ഹൂറൂബ് ആക്കി 15 ദിവസത്തിനകം ബന്ധപ്പെട്ട ഓഫീസുകളില്‍ നേരിട്ടെത്തിയാല്‍ മാത്രമേ റദ്ദാക്കാന്‍ സാധിക്കുകയുള്ളൂ. ഹൂറൂബ് കേസില്‍ പെട്ട വിദേശികള്‍ക്ക് ആറ് മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്തപ്പെടുന്ന ഇവര്‍ക്ക് പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ജവാസാത്ത് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More