വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമോ…? ചാറ്റിംഗില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച ചില വിപ്ലവങ്ങളുടെ പേര് ഓര്‍മയുണ്ടോ…? എന്തായാലും വാട്‌സ്ആപ്പിന്റെ പേര് ഈ പട്ടികയില്‍ കുറച്ച് മുകളിലായിരിക്കും. അല്ലെങ്കില്‍ ഒന്നാമതായിരിക്കും. 1.5 ബില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പ് മെസേജിംഗ് ആപ്ലിക്കേഷന് നിലവില്‍ ലോകത്താകമാനം ഉള്ളത്. സര്‍ക്കാരുകളെപോലും നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിയായി നിലവില്‍ വാട്‌സ്ആപ്പ് വളര്‍ന്നുകഴിഞ്ഞു.
ഇപ്പോള്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ് വാട്‌സ്ആപ്പ്. ഇസ്രയേല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗസസ് എന്ന സ്‌പൈവെയര്‍ വീഡിയോ കോളിംഗ് സംവിധാനത്തിലേക്ക് കടന്നുകയറിയതായി അടുത്തിടെയാണ് വാട്‌സ്ആപ്പ് വ്യക്തമാക്കിയത്. ജേണലിസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആക്റ്റിവിസ്റ്റുകള്‍, അഭിഭാഷകര്‍ അടക്കമുള്ളവരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളിലെ വിവരങ്ങള്‍ പെഗസസ് എന്ന സ്‌പൈവെയര്‍ ചോര്‍ത്തിയതായാണ് വാട്‌സ്ആപ്പ് അറിയിച്ചത്.
ഒരു ചെറുകഥ
2009 ലാണ് ബ്രെയാന്‍ ആക്ടണും ജാന്‍ കമും ഒന്നിച്ച് വാട്‌സ്ആപ്പ് ആരംഭിച്ചത്. ഇരുവരും യാഹുവിലെ തങ്ങളുടെ ജോലി രാജിവച്ച് ഫേസ്ബുക്കില്‍ ജോലി തേടിയെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളുമായി എന്തുണ്ട് വിശേഷം (what’s up) എന്ന സന്ദേശങ്ങള്‍ കൈമാറുന്ന ആപ്ലിക്കേഷന്‍ ആരംഭിക്കണമെന്ന് തീരുമാനിച്ചത്. ഇതാണ് പിന്നീട് വാട്‌സ്ആപ്പ് (WhatsApp) എന്ന പേരിലേക്ക് എത്തിയത്.
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇത്തരമൊരു ആപ്ലിക്കേഷന്റെ സാധ്യതകളെക്കുറിച്ച് ജാന്‍ കം ചര്‍ച്ച ചെയ്തിരുന്നു. ആപ്ലിക്കേഷന്‍ അവതരിപ്പിച്ചെങ്കിലും ആദ്യ സമയങ്ങളില്‍ വേണ്ടത്ര പ്രചാരണം ലഭിച്ചില്ല. ബാറ്ററി ലൈഫ് കുറയ്ക്കുന്നു, ഫോണ്‍ ഹാംഗ് ആകുന്നു എന്നിവയെല്ലാമായിരുന്നു പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ 2009 ജൂണില്‍ ആപ്പിള്‍ പുഷ് നോട്ടിഫിക്കേഷന്‍ അവതരിപ്പിച്ചതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി.
വാട്‌സാപ്പിന്റെ ആവശ്യകത ഉയര്‍ന്നതോടെ വാട്‌സ്ആപ്പ് 2.0 അവതരിപ്പിക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായി. മൊബൈല്‍ നമ്പര്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ ചാറ്റ് ചെയ്യാനും സ്റ്റാറ്റസുകള്‍ കാണാനും അവസരം ലഭിക്കുമെന്നതായതോടെ ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. വാട്‌സ്ആപ്പിന്റെ പ്രധാന മത്സരം ബ്ലാക്ക്‌ബെറി ഉപയോക്താക്കള്‍ക്ക് മാത്രമായി അവതരിപ്പിച്ചിരുന്ന ബ്ലാക്ക്‌ബെറി മെസഞ്ചറുമായിട്ടായിരുന്നു.
Read More:വിവരചോര്‍ച്ച രണ്ടുതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു; വാട്‌സ്ആപ്പ്
താമസിക്കാതെ തന്നെ വാട്‌സ്ആപ്പ് മീഡിയ ഫയലുകള്‍ പങ്കുവയ്ക്കുന്നതിനുള്ള സംവിധാനം കൂട്ടിച്ചേര്‍ത്തു. പിന്നീട് വാട്‌സ്ആപ്പിന് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായിട്ടില്ല. 2011 ഒക്ടോബറോടെ ഒരു ബില്യണ്‍ മെസേജുകള്‍ വാട്‌സ്ആപ്പ് വഴിയായി അയക്കുന്ന സാഹചര്യം ഉണ്ടായി. 2013 ഓടെ 200 മില്ല്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന് ഉണ്ടായിരുന്നത്.
ഇതോടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വാട്‌സ്ആപ്പ് ഉടമസ്ഥരുടെ അടുക്കല്‍ എത്തി. അക്കാലത്തെ റെക്കോര്‍ഡ് തുകയായ 19 ബില്യന്‍ ഡോളറിന് വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തു. 2014 ലായിരുന്നു ഈ ഏറ്റെടുക്കല്‍. 35 ജീവനക്കാരായിരുന്നു അപ്പോള്‍ വാട്‌സ്ആപ്പിന് ഉണ്ടായിരുന്നത്.
അല്പം രാഷ്ട്രീയം
ഏറെ സുരക്ഷിതവും മറ്റാര്‍ക്കും കാണാന്‍ സാധിക്കാത്ത മെസേജുകളും അയക്കാനുള്ള സൗകര്യം ഒരുക്കിയാല്‍ ഐഎസ്‌ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളും അവ ഉപയോഗിക്കില്ലേ…? അതേ.. ലോകത്താകമാനം നടന്ന വിവിധ തീവ്രവാദ ആക്രമണങ്ങള്‍ക്കും പിന്നില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ വാട്‌സ്ആപ്പ് ആണ് ഉപയോഗിക്കപ്പെട്ടത്.
അതുമാത്രമല്ല, ഇന്ത്യയും ബ്രസീലും പോലുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയ ആയുധമായും വാട്‌സ്ആപ്പ് ഉപയോഗിക്കപ്പെട്ടു. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യയില്‍ ഏകദേശം അഞ്ചുകോടി വാട്‌സ്ആപ്പ് ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോഴേയ്ക്കും ഏറ്റവുമധികം പേര് വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ. ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളുണ്ടെന്നാണ് ഏകദേശ കണക്ക്. തീര്‍ച്ചയായും ഇതിന്റെ രാഷ്ട്രീയ ശക്തി വളരെ വലുതാണ്.
സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് പ്രചാരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ചര്‍ച്ചയായിരുന്നു. ഓരോ പോളിംഗ് ബൂത്തിലും സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ ഓരോരുത്തരെ വീതം നിയോഗിക്കാനായിരുന്നു അന്നത്തെ തീരുമാനം. വാട്‌സ്ആപ്പിലെ സന്ദേശങ്ങള്‍ പലതും വിശ്വസനീയമല്ല എന്നതാണ് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം.
അതേ വാട്‌സ്ആപ്പ് ഇപ്പോള്‍ അപകടകാരിയാണ്. വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പലതും വിശ്വസനീയമല്ല. 30 ശതമാനം മാത്രമാണ് ഇവയില്‍ വിശ്വസനീയമായതെന്നാണ് ലോക് നീതി സിഎസ്ഡിഎസ് സര്‍വേയിലെ കണ്ടെത്തല്‍.
നിരുപദ്രവകരമായ ഗുഡ് മോണിംഗ് മെസേജുകള്‍ക്ക് അപ്പുറത്ത് വാട്‌സ്ആപ്പ് ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാണ് ഉപയോഗിക്കപ്പെടുന്നത്. 2017 ലെ കണക്കുകള്‍ പ്രകാരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ആറിലൊരുഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ നയിക്കുന്നതോ, രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്നതോ ആണെന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യയില്‍ ജാര്‍ഖണ്ഡിലും തമിഴ്‌നാട്ടിലും അസാമിലുമെല്ലാമായി നടന്ന 30 ഓളം ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും വാട്‌സ്ആപ്പ് കാരണമായിട്ടുണ്ട്. ഇതോടെയാണ് പങ്കുവയ്ക്കാവുന്ന മെസേജുകളുടെ എണ്ണത്തിലും ഫോര്‍വേര്‍ഡ് ചെയ്യുന്ന മെസേജുകള്‍ക്ക് പ്രത്യേക മാര്‍ക്കിംഗുകള്‍ അവതരിപ്പിച്ചും വിവാദങ്ങള്‍ ഒഴിവാക്കാന്‍ വാട്‌സ്ആപ്പ് ശ്രമിച്ചത്.
പെഗസസ് കഥ
പെഗസസിന് വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ വായിക്കുന്നതിനും കോള്‍ ഹിസ്റ്ററി കാണുന്നതിനും ലൊക്കേഷന്‍ മനസിലാക്കുന്നതിനും പാസ്‌വേഡുകള്‍ കാണുന്നതിനും സാധിക്കും. ഇതിനെല്ലാം ഒരു വാട്‌സ്ആപ്പ് കോള്‍ മാത്രം മതിയെന്നതാണ് സത്യം. നിങ്ങള്‍ വാട്‌സ്ആപ്പ് കോള്‍ അറ്റന്‍ഡ് ചെയ്യണമെന്നു പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗസസ് സ്‌പൈവെയര്‍ വാട്‌സ്ആപ്പിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്ന് വാട്‌സ്ആപ്പ് വക്താവ് വ്യക്തമാക്കി. മേയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചിരുന്നു. സെപ്റ്റംബറിലും വിവര ചോര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രയേല്‍ സര്‍ക്കാര്‍ പെഗസസ് സ്‌പൈവെയറിനെ ഒരു ആയുധമായാണ് കണക്കാക്കിയിരിക്കുന്നത്. വിശ്വസനീയമായ സര്‍ക്കര്‍ ഏജന്‍സികള്‍ക്കു മാത്രമാണ് ഈ ചാര സോഫ്റ്റ്‌വെയര്‍ വിറ്റിരിക്കുന്നത്. ഇന്റര്‍നെറ്റിലെ കൂലിപ്പട്ടാളക്കാര്‍ എന്നാണ് പെഗസസിനെ ദി ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ 17 ജേണലിസ്റ്റുകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഫോണ്‍ ഹാക്ക് ചെയ്തതായുള്ള വിവരം കമ്പനി കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ വാട്‌സ്ആപ്പിനോട് ഐടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം നല്‍കുന്നതിനുള്ള അവസാന തീയതി ഇന്നാണ്.
– നീര മജുംദാര്‍
(ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here