മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെ; അട്ടപ്പാടി ഏറ്റുമുട്ടലിൽ പൊലീസിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

അട്ടപ്പാടിയിലെ മാവോയിസ്റ്റുകൾക്കെതിരെയുള്ള നടപടിയിൽ പൊലീസിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെയാണ്. ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനത്തിലാണ് ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ജനാധിപത്യത്തെ തകർക്കാനാണിവരുടെ ശ്രമമെന്നും സാധാരണ പൗരന്മാർ അർഹിക്കുന്ന നീതിയും അവകാശവും മാവോയിസ്റ്റുകൾ അർഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ നീതിയും സമാധാനവും സുരക്ഷയും കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണ് മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് യാതൊരു വിട്ടുവീഴ്ച മനോഭാവവും പാടില്ല.
Read Also: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ വനം വകുപ്പ് ഔട്ട് പോസ്റ്റുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
അട്ടപ്പാടിയിൽ നടന്നത് ജീവന്മരണ പോരാട്ടമായിരുന്നെന്നും ഭീകരരിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും ടോം ജോസ് വ്യക്തമാക്കി. ഏറ്റുമുട്ടലിൽ കൊല്ലുകയോ കൊല്ലപ്പെടുകയോ അല്ലാതെ വഴിയുണ്ടായിരുന്നില്ല. അതിനാലാണ് യുദ്ധസമാനമായ നീക്കം വേണ്ടി വന്നത്. ഭരണ വിരുദ്ധമായ പല പോരാട്ടങ്ങളും നടക്കുന്നുണ്ട്. അവ സാധാരണക്കാരന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ടായിരിക്കും. അതിനാൽ അവരോട് വിട്ടുവീഴ്ചക്ക് തയാറല്ലെന്നും അങ്ങനെ ചെയ്യാൻ പാടില്ലെന്നും ചീഫ് സെക്രട്ടറി.
പ്രതിപക്ഷവും സിപിഐയും അട്ടപ്പാടിയിൽ നടന്ന് ഏറ്റുമുട്ടലിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സിപിഐ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഇപ്പോഴിത് കൂടുതൽ ഭരണ കോലാഹലങ്ങൾക്ക് വഴി വെക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നിലപാട് പുറത്ത് വന്നിരിക്കുന്നത്.
ചീഫ് സെക്രട്ടറി സർക്കാരിന് മുകളിലല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പ്രതികരിച്ചു. ടോം ജോസിന്റെ പരാമർശം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here