Advertisement

അബ്ദുൾ കലാമിന്റെ പേരിലുള്ള പുരസ്‌കാരം പിതാവിന്റെ പേരിലാക്കി ജഗൻ മോഹൻ റെഡ്ഡി; പ്രതിഷേധമുയർന്നതോടെ ഉത്തരവ് പിൻവലിച്ചു

November 5, 2019
Google News 15 minutes Read

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്‌കാരം പിതാവിന്റെ പേരിലാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പുലിവാല് പിടിച്ചു. ജഗൻ മോഹന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഡോ. എ പി ജെ അബ്ദുൾ കലാം പ്രതിഭ വിദ്യാ പുരസ്‌കാർ, വൈ എസ് ആർ വിദ്യാ പുരസ്‌കാർ എന്ന പേരിലാക്കിയതാണ് വിവാദത്തിലായത്. പുരസ്‌കാരത്തിന്റെ പേര് മാറ്റിയ വിവരം അറിയിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചു.


ബോർഡ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ഡോ. എ പി ജെ അബ്ദുൾ കലാം പ്രതിഭ വിദ്യാ പുരസ്‌കാർ നൽകിയിരുന്നത്. മൊമന്റോ, സർട്ടിഫിക്കറ്റ്, ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ സ്‌കോളർഷിപ്പ് എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ദേശീയ വിദ്യാഭ്യാസ ദിനമായ നവംബർ 11- ന് പുരസ്‌കാരം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനിടെയാണ് പേര് മാറ്റിയുള്ള ഉത്തരവ് സർക്കാർ പുറത്തിറങ്ങിയത്.


ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ജഗൻ മോഹൻ റെഡ്ഡിയുടെ നടപടിയെ വിമർശിച്ച് ചന്ദ്രബാബു നായിഡു രംഗത്തെത്തി. രാജ്യത്തിന് നിരവധി സംഭാവകൾ നൽകിയ ഡോ. കലാമിന്റെ പേരിലുള്ള പുരസ്‌കാരം ജഗൻ മോഹൻ റെഡ്ഡി പിതാവിന്റെ പേരിലാക്കിയത് കലാമിനോടുള്ള അനാദരവാണെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. ജഗൻ മോഹൻ റെഡ്ഡിയുടെ തീരുമാനത്തെ ബിജെപിയും കടന്നാക്രമിച്ചു. തന്റെ അച്ഛനാണ് ഭാരതരത്‌ന ലഭിച്ച അബ്ദുൾ കലാമിനെക്കാൾ മികച്ച ശാസ്ത്രജ്ഞനെന്നാണ് ജഗൻ മോഹൻ റെഡ്ഡി വിചാരിക്കുന്നതെന്ന് ബിജെപിയുടെ ദേശീയ ഐടി സെൽ തലവൻ അമിത് മാൽവിയ ട്വിറ്ററിൽ കുറിച്ചു. വ്യാപക വിമർശനം ഉയർന്നതോടെ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here