വീണത് ഒരേയൊരു ഗോൾ; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നോർത്തീസ്റ്റിന് ജയം

ഐഎസ്എല്ലിലെ 16ആം മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ നോർത്തീസ്റ്റ് യുണൈറ്റഡിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്തീസ്റ്റ് ഹൈദരാബാദിനെ തോൽപിച്ചത്. പെനൽട്ടിയിൽ നിന്ന് മാക്സി ബരേറോ ആണ് ഗോൾ നേടിയത്. ജയത്തോടെ നോർത്തീസ്റ്റ് പട്ടികയിൽ ഒന്നാമതും ഹൈദരാബാദ് ഒൻപതാമതുമെത്തി.
ഹൈദരാബാദ് കൂടുതൽ ആക്രമണ ത്വര കാഴ്ച വെച്ചത്. മാഴ്സലീഞ്ഞോയുടെ നേതൃത്വത്തിൽ ഇടതടവില്ലാത്ത ആക്രമണങ്ങൾ മെനഞ്ഞ ആതിഥേയർക്ക് അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ചിലപ്പോഴൊക്കെ നോർത്തീസ്റ്റ് പ്രതിരോധവും മറ്റു ചിലപ്പോഴൊക്കെ സുഭാഷിഷ് റോയിയും അവരെ തടഞ്ഞു.
ആദ്യ പകുതിയിലെ കംപ്ലീറ്റ് ഷോ രണ്ടാം പകുതിയിൽ ഹൈദരാബാദിന് കൈമോശം വന്നു. നോർത്തീസ്റ്റ് ആക്രമണം തുടങ്ങിയതോടെ കളി ചൂടുപിടിച്ചു. ഇരു ഭാഗത്തേക്കും അവസരങ്ങൾ മാറിമറിഞ്ഞെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ഇതിനിടെ രണ്ടാം പകുതി ആരംഭിക്കുമ്പോൾ തന്നെ നിഖിൽ കദമിനു പകരം മാക്സി ബരേറോ നോർത്തീസ്റ്റ് നിരയിൽ ഇറങ്ങിയിരുന്നു.
കളി ഗോൾരഹിത സമനിലയാവുമെന്ന് കരുതിയിരിക്കെ നോർത്തീസ്റ്റിന് പെനൽട്ടി. ഹോസെ ല്യൂഡോയുടെ ഷോട്ട് ബ്ലോക്ക് ചെയ്ത് ശങ്കറിൻ്റെ കയ്യിൽ പന്ത് കൊണ്ടു. ശങ്കറിന് മഞ്ഞക്കാർഡും നോർത്തീസ്റ്റിന് പെനൽട്ടിയും. കിക്കെടുത്തത് ബരേറോ. കമൽജിത്തിനെ കബളിപ്പിച്ച ബരേറോ പന്ത് വലയിലെത്തിച്ചു. സമനിലക്കുള്ള ഹൈദരാബാദിൻ്റെ ശ്രമങ്ങൾ നോർത്തീസ്റ്റ് പ്രതിരോധം ഒറ്റക്കെറ്റായി തടഞ്ഞതോടെ ഫൈനൽ വിസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here