ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാളെ പിടികൂടി

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാളെ തുർക്കി സേന പിടികൂടി. തുർക്കി പ്രസിഡന്റ് റജബ് ത്വയീബ് എർദോഗനാണ് ഇക്കാര്യം അറിയിച്ചത്.
ബാഗ്ദാദിയുടെ നാല് ഭാര്യമാരിൽ ഒരാളെ പിടികൂടിയെന്ന് വ്യക്തമാക്കിയെങ്കിലും പേരടക്കം മറ്റൊരു വിവരവും എർദോഗൻ വെളിപ്പെടുത്തിയില്ല. ബാഗ്ദാദി വധത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്ന യുഎസ് നടപടിയെ എർദോഗൻ വിമർശിക്കുകയും ചെയ്തു. ബാഗ്ദാദിയുടെ ഭാര്യയെ ഞങ്ങൾ പിടികൂടി എന്നാൽ ഇതിന്റെ പേരിൽ ബഹളമുണ്ടാക്കാനില്ലെന്ന് എർദോഗൻ പറഞ്ഞു.
ബാഗ്ദാദിയുടെ സഹോദരി റസ്മിയ ആവാദിയെ തുർക്കി സേന കഴിഞ്ഞ ദിവസം സിറിയയിലെ അസാസ് നഗരപ്രാന്തത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബർ 26ന് യുഎസ് സൈന്യം സിറിയയിലെ ഇദ്ലിബിൽ നടത്തിയ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. യുഎസ് സൈനികരുടെ ആക്രമണത്തിനിടെ ബാഗ്ദാദി ദേഹത്ത് ബോംബ് കെട്ടിവച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയത്. സ്ഫോടനത്തില്‍ ഇയാളുടെ മൂന്നു മക്കളും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here