പൊലീസും നഗരസഭയും തമ്മില്‍ തര്‍ക്കം: നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചത് 36 മണിക്കൂറുകള്‍ക്ക് ശേഷം

കോട്ടയം ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വൈകി. പ്രസവത്തെ തുടര്‍ന്ന് മരിച്ച ശിശുവിന്റെ മൃതദേഹം മുപ്പത്തിയാറ് മണിക്കൂറിന് ശേഷം പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌കരിച്ചത്. കോട്ടയം തെള്ളകത്തെ ആശുപത്രിയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് നവജാതശിശു മരിച്ചത്.

വാടക വീട്ടില്‍ കഴിയുന്ന സ്ത്രീയാണ് കുട്ടിയുടെ അമ്മ. സംസ്‌കാരത്തിന് മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഏറ്റുമാനൂര്‍ പൊലീസ് മൃതദേഹം സംസ്‌കരിക്കാന്‍ ഇടപെട്ടു. ആശുപത്രി സ്ഥിതിചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തില്‍ ശ്മശാനം ഇല്ലാത്തതിനാല്‍ മൃതദേഹവുമായി പൊലീസ് ഇന്നലെ ഏറ്റുമാനൂര്‍ നഗരസഭയെ സമീപിച്ചു.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നഗരസഭ അനുമതി നിഷേധിച്ചെന്നാണ് പൊലീസിന്റെ വാദം. മരണം നടന്ന് മുപ്പത്തിയാറ് മണിക്കൂറിനുശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. രേഖകള്‍ ഹാജരാക്കിയില്ല, സംസ്‌കരിക്കാന്‍ ഇടമില്ല, മരണം നടന്ന പഞ്ചായത്തിനാണ് ഉത്തരവാദിത്വം തുടങ്ങിയ ന്യായങ്ങള്‍ പറഞ്ഞ് നഗരസഭയാണ് മൃതദേഹത്തോട് അനാദരവ് കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ വീഴ്ച പൊലീസിന്റേതാണെന്നാണ് ഏറ്റുമാനൂര്‍ നഗരസഭയുടെ വാദം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ജീവനക്കാര്‍ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കണമെന്ന് പൊലീസ് വാശി പിടിച്ചതായി നഗരസഭ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top