വാറ്റ് നികുതി കുടിശിക; വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയത് സര്‍ക്കാര്‍ നയപ്രകാരമല്ലെന്ന് ധനമന്ത്രി

വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയത് സര്‍ക്കാര്‍ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വാറ്റ് കുടിശിക നോട്ടീസിന്റെ പേരില്‍ പത്തനംതിട്ടയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി വി ഡി സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വ്യാപാരികളെ വാറ്റ് നികുതി കുടിശികയുടെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സതീശന്‍ ആരോപിച്ചു.
വ്യാപാരികളെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. ഇനിയും ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം ധനവകുപ്പ് ഏറ്റെടുക്കുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു. അയച്ച നോട്ടീസുകള്‍ പിന്‍വലിക്കുന്നത് നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. വേണ്ടത്ര പരിശോധനകള്‍ ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ നോട്ടീസുകള്‍ നല്‍കിയതെന്നും തോമസ് ഐസക് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here