എന്തായിരുന്നു സുപ്രിംകോടതി റദ്ദാക്കിയ 2010 ലെ അലഹബാദ് ഹൈക്കോടതി വിധി ? [24 Explainer]

അയോധ്യാ കേസിൽ അന്തിമ വിധി പ്രഖ്യാപനവേളയിൽ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കുന്നതായി സുപ്രിംകോടി വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു. തർക്കഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയാമെന്നാണ് സുപ്രിംകോടതി വിധി. മൂന്ന് മാസത്തിനകം ഒരു ബോർഡിന് കീഴിൽ ക്ഷേത്രം പണിയാൻ അനുമതി. ബോർഡ് ഓഫ് ട്രസ്റ്റീസിൽ നിർമോഹി അഖാരയ്ക്ക് അർഹിക്കുന്ന പ്രാതിനിധ്യം നൽകും. ഇതിനൊപ്പം തന്നെ തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽ തന്നെ മുസ്ലീംഗൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്നും സുപ്രിംകോടതി പറഞ്ഞു. എന്നാൽ എന്താണ് റദ്ദാക്കിയ ഹൈക്കോടതി വിധി എന്ന് അറിയുമോ ?
2010ലാണ് അലഹബാദ് ഹൈക്കോടതി അയോധ്യാ കേസിൽ വിധി പുറപ്പെടുവിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2010 സെപ്തംബർ 30ന്. കേസിൽ പരാതിക്കാരായിരുന്ന നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ്, രാം ലല്ല എന്നിവർക്ക് ഭൂമി വിഭജിച്ച് നൽകാനായിരുന്നു നിർദേശം. ജസ്റ്റിസ് സിഭ്ഗട്ട് ഉല്ല ഖാൻ, ജസ്റ്റിസ് സുധീർ അഗർവാൾ, ജസ്റ്റിസ് ധരം വീർ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Read Also : എന്താണ് അയോധ്യാ കേസ് ? രാജ്യം ഉറ്റുനോക്കുന്ന കേസിനെ കുറിച്ച് അറിയേണ്ടതെല്ലാം [24 Explainer]
തർക്കഭൂമിയിൽ ആർക്കും ആവകാശമില്ലെന്നും മൂന്ന് പേർക്കുമുള്ള അവകാശം തുല്യമാണെന്നും അലഹബാദ് ഹൈക്കോടതി വിധിയിൽ പറയുന്നു. രേഖയുടെ അടിസ്ഥാനത്തിൽ അല്ല രേഖയില്ലായ്മയുടെ പേരിലാണ് ഭൂമി മൂന്നായി വിഭജിക്കാൻ നിർദേശിക്കുന്നതെന്നും കോടതി സൂചിപ്പിച്ചു. അകത്തെ ഭാഗം, സ്തൂപം ആദ്യ നിലനിന്നിരുന്ന സ്ഥലം രാം ലല്ലയ്ക്കും, രാം ഛബുത്രയും സീത രസോയിയും നിർമോഹി അഖാരയ്ക്കും, അവസാന ഭാഗം മുസ്ലീങ്ങൾക്കുമായാണ് അലഹാബാദ് ഹൈക്കോടതി വിഭജിച്ചത്.
എന്നാൽ വിധിയിൽ തൃപ്തരാകാത്ത മൂന്ന് വിഭാഗവും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. തർക്കഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയാമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. മുസ്ലീങ്ങൾക്കായി തർക്കഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ സ്ഥലം അനുവദിക്കണമെന്നും സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.