കൂടത്തായി കൊലപാതക പരമ്പര; ടോം തോമസ് വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൂടത്തായി കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടാംപ്രതി എംഎസ് മാത്യുവിനെ ആൽഫൈൻ വധക്കേസിൽ കൂടത്തായിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സിഐ സനൽകുമാറിനാണ് അന്വേഷണച്ചുമതല. രാവിലെ കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യാൻ അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് നാളെ താമരശ്ശേരി കോടതിയിൽ അപേക്ഷ നൽകും. 2008ൽ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് കൂടത്തായി കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.
ഏറെനാൾ നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് കേസിലെ കൊലപാതകപരമ്പര പുറം ലോകം അറിഞ്ഞത്. കൂടാതെ ആൽഫെൻ വധക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള രണ്ടാംപ്രതി എംഎസ് മാത്യുവിനെ കൂടത്തായി, താമരശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. നാളെ അവസാനിക്കുന്ന എംഎസ് മാത്യുവിന്റെ കസ്റ്റസി കാലാവധി നീട്ടണമെന്ന് അന്വേഷണ സംഘം അപേക്ഷ നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here