ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികൾ നിർണായക ഘട്ടത്തിലേക്ക്; രഹസ്യമൊഴി രേഖപ്പെടുത്തൽ പൂർത്തിയായി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികൾ നിർണായക ഘട്ടത്തിലേക്ക്. ട്രംപിനെതിരെ രഹസ്യ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നത് പൂർത്തിയായി.
ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോൾ സർവീസിലുള്ളവരും മുമ്പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി തെളിവുകൾ നൽകും. ഇതിനു ശേഷം ജുഡീഷ്യൽ കമ്മിറ്റിക്കു മുന്നിൽ മൊഴിയെടുപ്പ് നടക്കും. കുറ്റം തെളിയുകയാണെങ്കിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കും. ഇതിനുശേഷം കുറ്റവിചാരണാ പ്രമേയം സെനറ്റിനു കൈമാറുന്ന പ്രക്രിയ നടക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറിയാണ് ഡോണൾഡ് ട്രംപിനെ വിചാരണ ചെയ്യുക.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇംപീച്ച്‌മെന്റ് നടപടികൾ പുതിയ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ യുക്രെയ്ൻ പ്രസിഡന്റുമായുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുമെന്നും ട്രംപ് അറിയിച്ചു. ശനിയാഴ്ച രേഖ പുറത്തുവിടുമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് നടപടികളിൽ എന്ത് സംഭവിക്കുമെന്നറിയാൻ ഏറെ ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്.