ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നതിൽ സുപ്രിം കോടതി വിധി ഇന്ന്

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നതിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. വിധി പറയുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയാണ്.
സുപ്രിം കോടതിയുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൗരന്മാർ ആവശ്യപ്പെട്ടാൽ നൽകാൻ പരമോന്നത കോടതിക്കും ചീഫ് ജസ്റ്റിസിനും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി.
സുപ്രിം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം ആവശ്യപ്പെട്ട ഹർജിയിലായിരുന്നു 2010ലെ ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസിന്റെ ഓഫീസും സുപ്രിം കോടതിയും ‘പബ്ലിക് അതോറിറ്റി’യാണെന്നും വിധിയിൽ പറയുന്നു.
ഇതിനെതിരെ സുപ്രിം കോടതി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എൻ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വിധി പറയുന്നത്. ജഡ്ജിമാരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ പ്രവർത്തകനായ എസ് സി അഗർവാളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര വിവരാവകാശ കമ്മീഷൻ വിവരങ്ങൾ കൈമാറാൻ സുപ്രിം കോടതിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിനെതിരെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു.
അതേസമയം, 2017ലെ ഫിനാൻസ് നിയമം മണിബില്ലായി പാസാക്കിയെടുത്ത കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത ഹർജികളിലും ഇതേ ബെഞ്ച് വിധി പറയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here