Advertisement

‘സെക്ഷൻ 375’ അഥവാ ഒരു റേപ്പ് കഥ !

November 13, 2019
Google News 6 minutes Read

അരവിന്ദ് വി/

വർത്തമാനകാലം അനുവദിക്കുന്ന ചില ധാരണകളുണ്ട്. ആ ധാരണകൾക്ക് നേരെ തിരിഞ്ഞു നടക്കുന്നവർ ആക്രമിക്കപ്പെട്ടേക്കാം. അതൊരു സിനിമയാണെങ്കിൽ സാമ്പത്തികമായി പരാജയപ്പെട്ടേക്കാം. പക്ഷേ ചിലത് പറയാതെ വയ്യ എന്ന വിചാരമുണ്ടാകുമ്പോൾ സമൂഹം കല്പിച്ചനുവദിക്കുന്ന നിയതമായതും സദാചാരാധിഷ്ഠിതവുമായ ചിന്തകൾക്ക് വിരുദ്ധമായും വാക്കുകൾ ഉണ്ടായേക്കാം…., സിനിമയും!. അല്ലെങ്കിൽ തന്നെ സദാചാരം എന്നതൊക്കെ അശ്ലീല പദങ്ങളാകുന്ന കാലമാണിത്. അനുവദിക്കപ്പെട്ട പ്രിവിലജുകൾക്ക് നേരെ തിരിഞ്ഞു നിന്നുള്ള വിരൽ ചൂണ്ടലാണ് ‘സെക്ഷൻ 375’ എന്ന ബോളിവുഡ് ചിത്രം. സംവിധാനം അജയ് ഭാൽ.

‘സെക്ഷൻ 375’ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ‘റേപ്പ്’ എന്ന കൊടും കുറ്റകൃത്യത്തിനുള്ള ശിക്ഷ ശുപാർശ ചെയ്യുന്ന വകുപ്പാണ്. സിനിമയുടെ 80 ശതമാനവും ഒരു കോടതി മുറിയിൽ പുരോഗമിക്കുന്ന; 375 വകുപ്പിന്റെ പേരിലുള്ള സിനിമയുടെ ആദ്യ മിനിട്ടുകളിൽ തന്നെ ഒരു സമർത്ഥനായ അഭിഭാഷകന്റെ പ്രസംഗമുണ്ട്.

”നിയമം നീതിക്ക് തുല്യമല്ല; നീതി നിയതമായ രൂപമുള്ള ഒന്നല്ല, അമൂർത്തമാണ്. നിയമം അവിടേയ്ക്ക് എത്താനുള്ള ഉപകരണമാണ് ചിലപ്പോൾ.”

ടൈറ്റിലിന് ശേഷം സിനിമ ആരംഭിക്കുന്ന ആദ്യ മിനിറ്റുകളിൽ തന്നെ നായകനെ പ്രതിഷ്ഠിക്കുകയും, നീതിയും നിയമവും രണ്ടാണെന്നും, നീതി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഒരു പ്രസംഗ രൂപേണ നിയമം പഠിക്കുന്ന വിദ്യാർത്ഥികളോടും പ്രേക്ഷകരോടും പറയാൻ സംവിധായകൻ തീരുമാനിച്ചത് മനഃപൂർവമാണ്.

ഇന്ത്യൻ സിനിമാസങ്കൽപങ്ങളിൽ ഒരു ശരാശരി നായകന്റെ പ്രൊഫഷണൽ എക്സലൻസ് തെളിയിക്കാൻ ആ പ്രൊഫഷനിൽ അയാൾ നടത്തിയ ഒരു വലിയ വിജയം കാട്ടിയാവാം എൻട്രി നൽകുക. ആ മാസ് വിജയകഥയ്ക്ക് പലപ്പോഴും നമ്മൾ കാണാൻ ചെന്നിരിക്കുന്ന സിനിമയുമായി നൂൽ ബന്ധം പോലും ഉണ്ടാകില്ല. പക്ഷേ ഈ സിനിമയെ ഉറപ്പിച്ച് നിർത്തുന്ന ബലമുള്ള ഒരു വടം പോലെയാണ് നായകന്റെ പ്രസംഗം പുരോഗമിക്കുന്നത്.

”2012 ൽ നിർഭയ കേസ്… അഞ്ച് കുറ്റവാളികളിൽ ഒരാൾ മൈനർ (പ്രായപൂർത്തിയാകാത്ത വ്യക്തി) ആയിരുന്നു. മൂന്നോ നാലോ മാസം കൂടിയേ അയാൾക്ക് 18 വയസാകാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. കൂട്ടത്തിൽ ഏറ്റവും ക്രൂരത കാട്ടിയത് അവനായിരുന്നു. അവൻ നൽകിയ മുറിവുകളാണ് മരണത്തിന്റെ പ്രാഥമിക കാരണവും. രാജ്യം മുഴുവനും അവനെ പ്രായപൂർത്തിയായവനായി കണക്കാക്കി വിചാരണ ചെയ്ത് തൂക്കിലേറ്റണമെന്ന് അഭിപ്രായമുയർന്നു. പക്ഷേ നിയമം അവനെ മൈനർ ആയി പരിഗണിച്ച് ജുവനൈൽ കോടതിയിൽ വിചാരണ ചെയ്യാൻ വിധിച്ചു. മൂന്ന് വർഷത്തെ ശിക്ഷ ഏറ്റുവാങ്ങി അവൻ ജയിൽ മോചിതനായി. ബാക്കിയുള്ളവരെ വധശിക്ഷയ്ക്ക് വിധിച്ചു.”

സംഭവം വിവരിച്ച ശേഷം അഭിഭാഷകൻ ഉന്നയിച്ച ചോദ്യമിതാണ്.

”നിയമം ഇവിടെ അതിന്റെ ചുമതലയും കൃത്യതയും ഉയർത്തിപ്പിടിച്ചോ? ഉത്തരം അതേ, ഉയർത്തിപ്പിടിച്ചു എന്നാണ്. പക്ഷേ നീതി നടപ്പിലായോ?”

‘സെക്ഷൻ 375’ എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന വാദവും പ്രതിവാദവും കൊണ്ടെത്തിക്കുന്നത് ഇതിന്റെ ഉത്തരത്തിലേക്കാണ്. താൻ നിയമത്തിന്റെ പക്ഷത്താണെന്നും നിയമം യഥാർത്ഥവും നീതി അമൂർത്തവുമാണ് എന്നും ആവർത്തിച്ചാണ് നായകൻ അഡ്വക്കേറ്റ് തരുൺ സലുജ (അക്ഷയ് ഖന്ന) പ്രസംഗം അവസാനിപ്പിക്കുന്നത്.

നിയമം ഉപകരണമാകുമോ ?

നീതി തേടാൻ മാത്രമേ കഴിയൂ. പ്രയർ – പ്രാർത്ഥന- ആണ് ഒരു കോടതിയിൽ സമർപ്പിക്കപ്പെടുന്ന അപേക്ഷയുടെ ഒടുവിൽ ഉണ്ടാവുക. അതായതു നീതിക്കു വേണ്ടിയുള്ള പ്രാർത്ഥന. പ്രാർത്ഥനകൾ എല്ലാം നടന്നുകൊള്ളണം എന്നില്ലല്ലോ ? അമൂർത്തമായ ഒരു ദൈവ സങ്കല്പം പോലെ നീതി ഇങ്ങനെ വഴുതിപ്പോകാറുണ്ട്. ദൈവം ഉണ്ടോ ഇല്ലയോ എന്ന തർക്കം പോലെ നീതി ഉണ്ടോ ? നീതി ലഭിക്കുമോ ? നീതി കാണാൻ പറ്റുമോ? നീതിയെ തൊടാൻ കഴിയുമോ ? എന്നൊക്കെ തർക്കങ്ങങ്ങളും ചർച്ചയും നടക്കട്ടെ. പക്ഷെ , നിയമം എന്നൊന്നുണ്ട്. അതിനു വ്യക്തമായ രൂപമുണ്ട്. എഴുതി വച്ചിട്ടുണ്ട്. നിയമം കൈ കൊണ്ട് തൊടാം ; കയ്യിലെടുക്കുകയും ആകാം. നിയമത്തിനു നല്ല മിനുസമുണ്ട്; കൂർത്ത അഗ്രമുണ്ട്; മൂർച്ചയുള്ള വശങ്ങളുമുണ്ട്. നല്ല ആയുധമാണ്. തെറ്റായ കരങ്ങളിലും ശരിയായ കരങ്ങളിലും നിയമം വഴങ്ങും. പക്ഷെ നിയമത്തെ ആയുധമാക്കുമ്പോൾ സൂക്ഷിക്കണം. ആയുധം എടുക്കുമ്പോൾ കൂർത്ത അഗ്രവും , മൂർച്ചയുള്ള വശങ്ങളും അറിയണം. അല്ലെങ്കിൽ അതുപയോഗിക്കുന്നവരെ തന്നെ അത് മുറിപ്പെടുത്തും. നിയമത്തെ കൈകാര്യം ചെയ്യാൻ അറിയുന്നവരോട് ഈ ആയുധം പ്രയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ചിത്രത്തിൽ അഡ്വക്കേറ്റ് തരുൺ സലുജ നിയമം നന്നായി കൈകാര്യം ചെയ്യാനറിയുന്ന അഭിഭാഷകനാണ്.

കേസിനാധാരമായ (തിരക്കഥയ്ക്കും) സംഭവം

ബോളിവുഡ് സംവിധായകനായ രോഹൻ ഖുറാന (രാഹുൽ ഭട്ട്) സ്വന്തം ടീമിലെ വസ്ത്രാലങ്കാര സഹായിയായി പ്രവർത്തിക്കുന്ന അഞ്ജലി ഡാവ്ലേയെ (മീര ചോപ്ര) ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നു. സെഷൻസ് വിചാരണ നേരിട്ട രോഹൻ ഖുറാനയ്ക്ക് പത്ത് വർഷത്തെ കഠിന തടവ് ലഭിക്കുന്നു. പ്രതിയുടെ അറസ്റ്റ്, പരിശോധന, അഞ്ജലിയുടെ മെഡിക്കൽ പരിശോധന, വിചാരണ, ശിക്ഷ വിധിക്കൽ എല്ലാം ആദ്യ ഇരുപത് മിനിട്ടിൽ തന്നെ കഴിയുന്നു. രോഹന്റെ ഭാര്യ കൈനാസ് ഖുറാന ( ശ്രീസ്വര) ഭർത്താവിനെ രക്ഷിക്കാൻ അപ്പീൽ നൽകണമെന്ന ആവശ്യവുമായി അഡ്വ. തരുൺ സലുജയെ സമീപിക്കുന്നിടത്താണ് ‘സെക്ഷൻ 375’ ആരംഭിക്കുന്നത്.

സ്ത്രീ പീഡനം/ റേപ്പ് ആരോപിതന്റെ അവസ്ഥ

അപ്പീൽ ആവശ്യവുമായി കൈനാസ് സമീപിക്കുന്ന ആദ്യ അഭിഭാഷകനല്ല തരുൺ. ലൈംഗിക പീഡനം പോലെ സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരോടുള്ള പൊതുബോധത്തെ നേരിട്ട് തളർന്ന്; ജാള്യതയോടെയാണ് കൈനാസ് തരുണിന് മുന്നിൽ എത്തുന്നത്. കേസ് ഏറ്റെടുക്കുന്ന തരുൺ എന്ന അഭിഭാഷകന് സ്വന്തം വീട്ടിൽ നിന്ന് പോലും സമ്മർദ്ദം ഉണ്ടാകുന്നു.

സിനിമയിലുടനീളം ഒരു പശ്ചാത്തല ശബ്ദമായി ചേർത്തിരിക്കുന്നത് പ്രതിഷേധ മുദ്രാവാക്യങ്ങളാണ്. കുറ്റാരോപിതന് നേരെ മാത്രമല്ല അഭിഭാഷകന് നേരെയും ഉണ്ട് പ്രതിഷേധക്കാരുടെ രോഷ മുദ്രാവാക്യങ്ങൾ. (കോടതിക്ക് മുന്നിലുള്ള പ്രതിഷേധങ്ങളിൽ സിനിമാറ്റിക് അതിഭാവുകത്വം ഉണ്ട് എന്നത് ന്യൂനതയാണ്. ഹൈക്കോടതിയുടെ മുന്നിൽ കോടതി മുറിയിൽ കേൾക്കെ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നവരെ തൂക്കിയെടുത്ത് അകത്തിടുന്നതാണ് പതിവ്.) ഇവിടെ ‘തരുൺ സലുജ മൂർദ്ദാബാദ്’ വിളികൾക്കിടയിലൂടെയാണ് തരുൺ കോടതിയിൽ പ്രവേശിക്കുന്നത്. ഒരു ഘട്ടത്തിൽ കോടതി വളപ്പിൽ പ്രതിഷേധക്കാരിൽ ഒരു യുവതി തരുൺ സലുജയുടെ മുഖത്ത് കറുത്ത മഷി ഒഴിക്കുന്നുമുണ്ട്.

തരുണിനെ വളയുന്ന മാധ്യമപ്രവർത്തകർ ”താങ്കൾ എന്തിനാണ് ഒരു റേപ്പിസ്റ്റിന്റെ വക്കാലത്ത് എടുത്തത്?”
എന്ന് ക്ഷോഭത്തോടെ ചോദിക്കുന്നു.

” ഇത്തരക്കാരിൽ 90 ശതമാനം പേരും യഥാർത്ഥ കുറ്റവാളികൾ ആണെന്ന് റിപ്പോർട്ടുകളുണ്ട്”.
”താങ്കൾ എന്തിനാണ് വില്ലന് വേണ്ടി വക്കാലത്ത് എടുക്കുന്നത്?”.

വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തുന്ന റിപ്പോർട്ടർമാരുടെ ഭാഷയിലും ഇത്തരം മുൻവിധികൾ/ പക്ഷം പിടിക്കുന്ന മാധ്യമപ്രവർത്തനം ഉണ്ടെന്ന കാര്യവും സിനിമ ചേർക്കുന്നു.

സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ ആരോപണം നേരിടുന്നവർക്ക് മേൽ പൊതുസമൂഹം പുലർത്തുന്ന മുൻവിധിയെ ചിത്രം തുറന്നെതിർക്കുന്നു. പക്ഷേ, നിയമം ആ എതിർപ്പുകളെ പോലും ബന്ധിച്ചിരിക്കുന്നു എന്ന സത്യവും സിനിമയിൽ ഉണ്ട്. ഡിഫൻസ് ഉന്നയിക്കുന്ന വാദങ്ങളെ പലപ്പോഴും തടയുന്ന കോടതി അഡ്വ. തരുണിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് പറയുന്നതും അതുകൊണ്ടാണ്.

ഒരിടവേളയിൽ കോടതിക്ക് പുറത്ത് പ്രോസിക്യൂട്ടറായ ഹിരാൽ ഗാന്ധി (റിച്ച ഛദ്ധ)പ്രതിഭാഗം അഭിഭാഷകൻ തരുണിനോട് ക്ഷുഭിതയായി സംസാരിക്കുന്നതിന്റെ അടിസ്ഥാനവും മുൻവിധിതന്നെ. പ്രോസിക്യൂട്ടർ ഹിരാൽ ഗാന്ധി സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയയാണ്. മഹാരാഷ്ട്രയിലെ ആദ്യ വനിതാ അഡ്വ. ജനറൽ ആകാൻ സാധ്യതയുള്ള ചെറുപ്പക്കാരി. പ്രോസിക്യൂഷന്റേയും പൊലീസിന്റേയും വീഴ്ചകൾക്ക് മുന്നിൽ പല തവണ ഹിരാലിന് കോടതിയിൽ തലകുനിക്കേണ്ടി വരുന്നുണ്ട്. പക്ഷേ കോടതി ഓരോ തവണയും പ്രോസിക്യൂഷനെ രക്ഷിക്കുന്നത് പുറത്തെ മുദ്രാവാക്യങ്ങളുടെ സമ്മർദ്ദത്തിലാണെന്ന് വ്യക്തമാക്കുന്നുണ്ട് ചിത്രം.

നിയമത്തിന്റെ ദുരുപയോഗം

അപ്പീൽ അഡ്മിഷനായുള്ള ഓപ്പണിംഗ് സ്റ്റേറ്റ്മെന്റ് ഇരുപക്ഷത്തിന്റേയും കാഴ്ചപ്പാടുകൾ കൂടിയായിരുന്നു.

”സ്ത്രീയെ സംരക്ഷിക്കാൻ നിർമ്മിച്ച നിയമത്തെ ഒരു സ്ത്രീ തന്നെ ഒരു ആയുധമാക്കി മാറ്റി ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ കേസ്” എന്ന് പറഞ്ഞാണ് അഡ്വ. തരുൺ തന്റെ ചെറുത്ത് നിൽപ്പ് ആരംഭിക്കുന്നത്. ”സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതായുള്ള ഓരോ കള്ളക്കേസും യഥാർത്ഥ കുറ്റവാളി രക്ഷപ്പെടാൻ വഴിതെളിക്കും. ആ നിയമം തന്നെ നശിക്കും.” തരുണിന്റെ വാദങ്ങൾ ഇങ്ങനെ പുരോഗമിക്കുന്നുണ്ട് സിനിമയിൽ.

കേരളത്തിലെ വനിതാ കമ്മീഷൻ അടുത്തിടെ നടത്തിയ ഒരു പ്രസ്താവന ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. സ്ത്രീ അനുകൂല നിയമങ്ങളെ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്ന പ്രവണത ഏറി വരുന്നതായി കമ്മീഷൻ വിലയിരുത്തി. സുപ്രീം കോടതിയും , ഭാരതത്തിലെ നിരവധി ഹൈക്കോടതികളും ഇത്തരം നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സിനിമയിൽ പലയിടത്തും ഇത്തരം കണക്കുകൾ നിർത്തിയുള്ള റിയാലിറ്റി ചെക്ക് കൂടി കോർത്തിണക്കുന്നുണ്ട്. അത് കൊണ്ട് വായനക്കാർക്ക് വേണ്ടി ഒരൽപം കേരളാ സാഹചര്യം കൂടി ചേർത്തു എന്ന് മാത്രം.

വില്ലന്റെ അഭിഭാഷകൻ

വില്ലന്റെ അഭിഭാഷകനും വില്ലൻ പരിവേഷം തന്നെയാണ് നൽകിയിരിക്കുന്നത്. പരാതിക്കാരിയായ അഞ്ജലിയെ ഇഴകീറി ചോദ്യം ചെയ്യുന്ന തരുണിനെ കോടതി പലപ്പോഴും താക്കീത് ചെയ്യുന്നുണ്ട്. ആ ഇടപെടൽ പ്രേക്ഷകനും ആശ്വാസം നൽകുന്നു. പ്രോസിക്യൂഷനെ രക്ഷിക്കുന്ന കോടതി ഇടപെടലുകളേയും പ്രേക്ഷകൻ പിൻതുണയ്ക്കും. സിനിമ, ഉടനീളം വില്ലനും നായകനായ വില്ലൻ വക്കീലിനും എതിരാണ്. പ്രേക്ഷക മനസിനെ അഞ്ജലിയുടെ ദൈന്യതയിലേക്ക് കെട്ടിനിർത്തി തന്നെയാണ് നായകനായ വില്ലൻ വക്കീലിന്റെ ഗംഭീരമായ പ്രകടനത്തിനുള്ള ഇടം കൂടി സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

പ്രോസിക്യൂഷന്റെ വീഴ്ചകളെ നിരന്തരം കണ്ടെത്തുന്ന തരുൺ നിയമത്തിന്റെ എല്ലാ സാധുതകളേയും പ്രതിക്ക് അനുകൂലമാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. കോടതി വളപ്പിലെ മാധ്യമപ്രവർത്തകരുടെ ചോദ്യം പോലെ ‘വില്ലന് വേണ്ടി വക്കാലത്തെടുത്ത വില്ലൻ വക്കീൽ’ സിനിമയിലുടനീളം വില്ലന് വേണ്ടി ആത്മാർത്ഥമായി വാദിക്കുന്നു.

‘വില്ലന്റെ’ കഥയും ക്ലൈമാക്സും

‘വില്ലൻ’ രോഹൻ പറഞ്ഞ കഥ മറ്റൊന്നാണ്. രോഹനോടുള്ള പ്രണയത്തിലായിരുന്നു അഞ്ജലി. താൻ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും അഞ്ജലി തന്നോട് അടുത്തു. അടുപ്പം അവരുടെ ഒരുമിച്ചുള്ള സംഗമങ്ങളിലേക്കും ശാരീരിക ബന്ധത്തിലേക്കും നീങ്ങി. ഒരു സമാന്തര ബന്ധത്തിനുമുപരിയായി അഞ്ജലി തന്നെ സ്വന്തമാക്കി വയ്ക്കാൻ ശ്രമിച്ചപ്പോൾ താൻ ഒഴിഞ്ഞുമാറി. അതിന്റെ പ്രതികാരമാണ് അഞ്ജലി ഈ കേസിലൂടെ ലക്ഷ്യമിടുന്നതെന്നും രോഹൻ കോടതിയിൽ സമ്മതിച്ചു. സംഭവ ദിവസം തന്നെ വിളിച്ച അഞ്ജലി തന്നോട് ക്ഷമിക്കണമെന്നും വിട്ടുപോകാൻ മനസുവരുന്നില്ല എന്നും പറഞ്ഞു.

ഫൽറ്റിലെത്തിയ അഞ്ജലിയുമായി താൻ ശാരീരിക ബന്ധം നടത്തി. അത് പരസ്പര സമ്മതത്തോടെയായിരുന്നു. അവിടെ നിന്നിറങ്ങിയ ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയതും മെഡിക്കൽ പരിശോധനയ്ക്ക് വിധേയയായതും.

രോഹൻ പറഞ്ഞതിന്റെ ബാക്കി ഭാഗം തെളിവുകളോടെ വാദിച്ചത് അഡ്വ. തരുൺ ആണ്. ശരീരത്തിൽ സ്വയം ക്ഷതങ്ങളേൽപ്പിച്ച് അഞ്ജലി തെളിവുകൾ ഉണ്ടാക്കി. സിസിടിവി ദൃശ്യങ്ങൾ അനുകൂലമാക്കി വ്യാഖ്യാനിച്ചു. കഥയറിയാതെ പൊലീസ് അഞ്ജലിക്കൊപ്പം നിന്നു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച പിന്നീട് സ്ത്രീയ്ക്ക് മാറ്റിപ്പറയാൻ കഴിയുമോ ? ഇഷ്ട്ടക്കേട് ആ സമയത്ത് തന്നെ പ്രകടിപ്പിക്കണ്ടേ ? സ്ത്രീ എതിർപ്പ് പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണ് ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്ന പേരിലുള്ള പരാതികളിൽ ഉണ്ടാവേണ്ട കുറഞ്ഞ തെളിവുകൾ എന്താണ് ? അത്തരം കേസ്സുകളിൽ കുറ്റാരോപിതന് ഉള്ള അവകാശങ്ങൾ എന്തെല്ലാമാണ് ? അത് നിഷേധിക്കപ്പെട്ടാൽ അയാൾക്കുള്ള നിയമ സംരക്ഷണം എങ്ങനെ ഉറപ്പാക്കും ? നിരവധി ചോദ്യങ്ങൾ ചോദിക്കാതെ ചോദിക്കുന്നതാണ് പ്രതിഭാഗത്തിന്റെ കഥയും വാദങ്ങളും.

ന്യായവിധി

തരുണിന്റേയും രോഹന്റേയും കഥ കോടതി അംഗീകരിക്കുമോ? വിധി എഴുതാൻ ചേംബറിലേക്ക് പോയ ന്യായാധിപൻ ജനാലയിലൂടെ കുറേ നിമിഷങ്ങൾ പ്രതിഷേധമുദ്രാവാക്യങ്ങളും പൊലീസ് ബലപ്രയോഗങ്ങളും നോക്കി നിൽക്കുന്നുണ്ട്. ഒരു ന്യായാധിപൻ ഒരു കേസിന്റെ മെറിറ്റ് കണക്കിലെടുക്കുന്നതിനൊപ്പം സമൂഹത്തിന്റെ വാദങ്ങളെയും വികാരങ്ങളെയും ഉൾക്കൊള്ളുന്നുവെന്നാണോ ആ നോട്ടത്തിന്റെ അർഥം ? ന്യായവിധി എന്നത് ആർക്കെങ്കിലും വേണ്ടി എഴുതി തയ്യാറാക്കുന്ന സാന്ത്വന സമ്മാനമാണോ ? സ്വന്തം സ്വത്വവും , രാഷ്ട്രീയവും ന്യായവിധിയെ സ്വാധീനിക്കാമോ ?

വിധിന്യായം എന്താവും? ആ വിധി ന്യായമാണ് സിനിമയുടെ ക്ലൈമാക്സ്. ക്ലൈമാക്സ് മാത്രമല്ല ഒരു ആന്റി ക്ലൈമാക്സും സിനിമയ്ക്കുണ്ട്. ചിത്രം ഇപ്പോൾ പ്രൈംമൂവീസിൽ ഉണ്ട്. 2019 സെപ്റ്റംബർ 13 നു തീയറ്ററുകളിൽ എത്തി. രണ്ടു മണിക്കൂർ അഞ്ചു മിനിറ്റ് ദൈർഖ്യം. ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് ഇവിടെ വായന അവസാനിപ്പിച്ചു പോകാം. അല്ലാത്തവർക്ക് സ്പോയിലർ വായിക്കാം.

നിയമത്തിന്റെ കച്ചവടക്കാർ

നീതിയും നിയമവും രണ്ടാണ്. രണ്ടു പക്ഷത്തെയും ഈ വേർതിരിവിന്റെ ഫലത്തിന് വിധേയമാക്കുന്നുണ്ട് വിധിയിൽ. വിചാരണക്കോടതിയുടെ ശിക്ഷ ഹൈക്കോടതി ശരി വയ്ക്കുന്നതാണ് വിധി. സിനിമയിലുടന്നീളം തലകുനിക്കേണ്ടി വന്ന പ്രോസിക്ക്യൂഷൻ വീഴ്ചകളെ വിധിയിലൂടെ കോടതി ന്യായീകരിക്കുന്നു. വിധി കേട്ടയുടൻ പ്രതിഭാഗം അഭിഭാഷകൻ ക്ഷുഭിതനാകുന്നുണ്ട്. ഈ വിധി റിവിഷനിൽ തള്ളിപ്പോയേക്കാം എന്ന തോന്നൽ പ്രേക്ഷകന് പോലും ഉണ്ടാകും. പക്ഷെ , റേപ്പ്-പീഡന പരാതികളിൽ ഉള്ള
പൊതുമുൻവിധിയെ ഒരു തരത്തിലും പോറലേൽപ്പിക്കുന്നില്ല കോടതിയും.

ക്‌ളൈമാക്‌സ് ഇങ്ങനെ ഏതാണ്ട് അവസാനിക്കുന്നുവെന്ന് കരുതിന്നിടത്താണ് ആന്റി ക്‌ളൈമാക്‌സ് പിടിമുറുക്കുന്നത്. കോടതി മുറിയിൽ നിന്നും പുറത്തിറങ്ങുന്ന അഞ്ജലി ഇടനാഴിയിൽ വച്ച് പ്രോസിക്യൂട്ടർ ഹിരാലിനെ സമീപിക്കുന്നു.

” തരുൺ സർ പറഞ്ഞതാണ് ശരി. രോഹൻ എന്നെ റേപ്പ് ചെയ്തില്ല , പക്ഷെ റേപ്പിനെക്കാൾ ഒട്ടും കുറവല്ല. സഹായത്തിന് നന്ദി.!’

ഇത് കേട്ട് തളർന്നു പോകുന്ന ഹിരാൽ ഗാന്ധിയുടെ ഇതേ ഷോട്ടിലാണ് സിനിമ ആരംഭിക്കുന്നതും. ഈ സമയം വിധി പറഞ്ഞ ന്യായാധിപരുടെ പേരുകൾ ചേർത്ത് ”ജസ്റ്റിസ് മഡ്ഗാവോങ്കർ സിന്ദാബാദ്” ”ജസ്റ്റിസ് ഇന്ദ്രാണി സിന്ദാബാദ്” വിളിക്കുന്നുണ്ട് പുറത്തെ പ്രതിഷേധക്കാർ. വിധി മറിച്ചായാൽ ”ജസ്റ്റിസ് ഇന്ദ്രാണി മൂർദാബാദ്” ”ജസ്റ്റിസ് മഡ്ഗാവോങ്കർ മൂർദാബാദ്” എന്ന മുദ്രാവാക്യം മുഴങ്ങുമായിരുന്നോ എന്നത് പ്രേക്ഷകരുടെ അല്ല ഇന്ദ്രാണിയുടെയും മഡ്ഗാവോങ്കരുടെയും മാത്രം പ്രശ്‌നമാണ്.

നീതിയും നിയമവും രണ്ടാണെന്ന് ഇനി വിശദീകരിക്കേണ്ടതില്ല. അഞ്ജലിയെ ലൈംഗിക ചൂഷണം നടത്തിയ രോഹൻ ന്യായമായും ഒരു ശിക്ഷ അർഹിക്കുന്നു. അഞ്ജലിക്ക് നീതി വേണം. വിധിയിലൂടെ അത് ലഭിക്കുന്നു. ഇവിടെ അഞ്ജലി നിയമത്തെ തെറ്റായി പ്രയോജനപ്പെടുത്തി , നീതി കൈക്കലാക്കുന്നു. മറുപക്ഷത്ത് രോഹന് നിയമം അനുവദിക്കുന്ന നീതി ലഭിക്കുന്നില്ല. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം രോഹനെ ശിക്ഷിക്കാൻ അനുവദിക്കുന്നില്ല. രോഹന് നീതി അകലെ ആണ്. പക്ഷെ , അവിടെ നിയമത്തിന്റെ പഴുതുകൾ രോഹന് മുന്നിൽ ഇപ്പോഴും ഉണ്ട്.

അഡ്വക്കേറ്റ് തരുണിന്റെ വിദ്യാർത്ഥിയാണ് ഹിരാൽ ഗാന്ധി എന്ന പ്രോസിക്യൂട്ടർ. തന്റെ ഗുരുവിനെ വീട്ടിലെത്തി സന്ദർശിക്കുന്ന ഹിരാൽ പറയുന്നത് ”നീതി നടപ്പിലായി എന്ന് ഞാൻ കരുതുന്നില്ല” എന്നാണ്. ചിരിച്ചു കൊണ്ടുള്ള തരുണിന്റെ മറുപടി ” നമ്മൾ നീതിയുടെ കച്ചവടത്തിലല്ല; നമ്മൾ നിയമത്തിന്റെ കച്ചവടത്തിലാണ് !” എന്നായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here