‘ഇവരെ തിരിച്ചറിയാമോ?’; ശിശുദിനത്തിൽ ടീം അംഗങ്ങളുടെ ‘കുഞ്ഞൻ’ ചിത്രങ്ങൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് ശിശുദിനമാണ്. വ്യത്യസ്തമായ ശിശുദിനാശംസയാണ് ആരാധകർക്കായി കേരള ബ്ലാസ്റ്റേഴ്സ് അർപ്പിച്ചിരിക്കുന്നത്. ടീം അംഗങ്ങളുടെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ച് അവരെ തിരിച്ചറിയാൻ കഴിയുമോ എന്നാണ് ബ്ലാസ്റ്റേഴ്സിൻ്റെ ചോദ്യം.
എട്ടു കളിക്കാരുടെ ചിത്രങ്ങളാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്. എല്ലാ ചിത്രങ്ങളുടെ താഴെയും അതാരാണെന്ന് ആരാധകർ കമൻ്റ് ചെയ്യുന്നുമുണ്ട്. ആരാധകരുടെ അഭിപ്രായമനുസരിച്ച് സഹൽ അബ്ദുൽ സമദ്, ജീക്സൺ സിംഗ്, ജെസ്സെൽ കാർനീറോ, അബ്ദുൽ ഹക്കു, സെർജിയോ സിഡോഞ്ച, പി പ്രശാന്ത്, റാഫേൽ മെസ്സി, പ്രിതം കോട്ടാൽ എന്നിവരാണ് ചിത്രങ്ങളിൽ ഉള്ളത്.
നാലു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചത്. ഉദ്ഘാടന മത്സരത്തിൽ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ച് സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് ഒരു മത്സരം പോലും വിജയിക്കാനായില്ല. മുംബൈ സിറ്റിക്കെതിരെയും ഹൈദരാബാദിനെതിരെയും പരാജയപ്പെട്ടപ്പോൾ ഒഡീഷക്കെതിരെ സമനില വഴങ്ങി. നാലു മത്സരങ്ങളിൽ നിന്ന് ഒരോ ജയവും സമനിലയും രണ്ട് തോൽവിയുമടക്കം നാലു പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാമതാണ്. വരുന്ന 23ന് ബെംഗളൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here