യോഗം കൂടി സിനിമയിലേക്ക്; ഫുട്ബോൾ വാങ്ങാൻ ഒത്തു കൂടിയ കുഞ്ഞുങ്ങൾ സിനിമയിൽ അഭിനയിക്കുന്നു

ഫുട്ബോൾ വാങ്ങാൻ യോഗം കൂടിയ കുഞ്ഞുങ്ങളുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ വൈറൽ കാഴ്ചയായിരുന്നു. കുട്ടിക്കൂട്ടത്തിൻ്റെ യോഗം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ സിനിമാ താരം ഉണ്ണി മുകുന്ദനടക്കം പലരും ഇവർക്ക് ജേഴിസിയും പന്തും സമ്മാനം നൽകി. കേരള ബ്ലാസ്റ്റേഴ്സ് കലൂർ സ്റ്റേഡിയത്തിലേക്ക് ഇവരെ ക്ഷണിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ കുട്ടിക്കൂട്ടം സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്.
നടി അഞ്ജലി നായർ ഒരു എഫ്എം റേഡിയോ പരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ജലി തന്നെ നിർമ്മിക്കുന്ന മൈതാനം എന്ന ചിത്രത്തിൽ കുട്ടി ഫുട്ബോൾ കളിക്കാരായിത്തന്നെയാവും ഇവർ അഭിനയിക്കുക.
പത്തു വയസ്സുകാരൻ്റെ കഥ പറയുന്ന മൈതാനം അന്‍സര്‍ താജുദ്ദീന്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അല്‍ത്താഫ് അന്‍സാര്‍ എന്ന 12 വയസുകാരന്‍ തൻ്റെ സ്വന്തം പിതാവിനോട് പറഞ്ഞ കഥയാണ് സിനിമയാകുന്നത്. അൽത്താഫിൻ്റെ പിതാവു തന്നെയാണ് അൻസാർ. ആവ്‌നി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
മലപ്പുറം നിലമ്പൂരിലുള്ള കുറച്ച് കുട്ടികളാണ് ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള യോഗം നടത്തിയത്. മടൽ കുത്തി വെച്ചുണ്ടാക്കിയ മൈക്കിലൂടെ ഒരു കുട്ടി സംസാരിക്കുന്നതും അതു കേട്ട് നിലത്തും നിലത്തിട്ടിരിക്കുന്ന മരത്തടിയിലുമായി മറ്റു കുട്ടികൾ ഇരിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here