11 ലക്ഷം സ്ത്രീധനമായി വച്ചുനീട്ടി; ‘വേണ്ട, 11 രൂപയും തേങ്ങയും മതി’ എന്ന് സിഐഎസ്എഫ് ജവാൻ

കല്യാണച്ചടങ്ങുകൾക്കിടയിൽ ഭാര്യാപിതാവ് സ്ത്രീധനമായി വച്ചുനീട്ടിയ 11 ലക്ഷം വേണ്ടെന്ന് വച്ച സിഐഎസ്എഫ് ജവാനെ ബന്ധുക്കളും സമൂഹമാധ്യമങ്ങളും അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ്. ജയ്പൂരിലാണ് സംഭവം. 11 ലക്ഷത്തിന് പകരം 11 രൂപയും ഒരു തേങ്ങയുമാണ് വധുവിന്റെ മാതാപിതാക്കളിൽ നിന്ന് വരൻ സ്വീകരിച്ചത്.
നവംബർ എട്ടിന് നടന്ന വിവാഹചടങ്ങിലാണ് സിഐഎസ്എഫ് ജവാൻ ജീതേന്ദ്ര സിങ് സ്ത്രീധനം വാങ്ങാതെ ഏവരുടെയും ഇഷ്ടം വാരിക്കൂട്ടിയത്. വച്ചുനീട്ടിയ സ്ത്രീധനം തൊഴുകൈയോടെ വേണ്ടെന്ന് പറഞ്ഞത് കേട്ട് വധുവിന്റെ പിതാവിന്റെ കണ്ണുകൾ നിറഞ്ഞു. മരുമകൻ പണം വാങ്ങാതിരിക്കുന്നത് കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയെന്ന് ഭാര്യാപിതാവ് ഗോവിന്ദ് സിംഗ്.
പണം സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ ഗോവിന്ദ് സിംഗ് കരുതിയത് വരന്റെ കുടുംബത്തിന് വിവാഹത്തിന്റെ ഒരുക്കങ്ങൾ ഇഷ്ടപ്പെട്ടില്ലെന്നാണ്. കുറച്ച് കഴിഞ്ഞാണ് സ്ത്രീധനത്തോടുള്ള എതിർപ്പ് മൂലമാണിങ്ങനെ പ്രതികരിച്ചതെന്ന് മനസ്സിലായത്.
ജിതേന്ദ്ര സിംഗിന്റെ ഭാര്യ നിയമത്തിൽ ബിരുദാനന്തര ബിരുദാരിയാണ്. ഇപ്പോൾ ഡോക്ടറേറ്റ് നേടാനായി പഠിക്കുന്നു. വധു ജുഡീഷ്യൽ സർവീസിലെത്താനുള്ള പരിശീലനത്തിലാണ്.
ഭാര്യ ഒരു മജിസ്ട്രേറ്റാകുകയാണെങ്കിൽ തന്റെ കുടുംബത്തിന് 11 ലക്ഷത്തേക്കാൾ കൂടുതൽ വിലപ്പെട്ടത് അതായിരിക്കുമെന്നാണ് വരന്റെ പ്രതികരണം.
dowry 11 rs, jaipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here