Advertisement

‘മുസ്ലിം അധ്യാപകൻ ഞങ്ങളെ പഠിപ്പിക്കേണ്ട’; സമരവുമായി ബനാറസ് സർവകലാശാല വിദ്യാർത്ഥികൾ

November 16, 2019
Google News 1 minute Read

മുസ്ലിം അധ്യാപകൻ തങ്ങളെ പഠിപ്പിക്കേണ്ട എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്തൃത വിഭാഗം വിദ്യാർത്ഥികളുടെ സമരം. സംസ്കൃത വിഭാഗത്തിലേക്ക് മുസ്ലിങ്ങൾ പ്രവേശിക്കരുതെന്നാവശ്യപ്പെട്ടാണ് സർവകലാശാലയിലെ പുതിയ അസിസ്റ്റൻ്റ് പ്രൊഫസർ ഡോക്ടർ ഫിറോസ് ഖാനെതിരെ വിദ്യാർത്ഥികൾ സമരം നടത്തുന്നത്.

നവംബർ ആറിന് ഫിറോസ് ഖാനെ നിയമിച്ചതിനു ശേഷം ക്ലാസുകളൊന്നും നടന്നിട്ടില്ല. അന്നു മുതൽ അധ്യാപകനെ നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തുകയാണ്. വിദ്യാർത്ഥികൾ ഉപദ്രവിക്കുമോ എന്ന് ഭയന്ന് സർവകലാശാലയിലേക്ക് വരാൻ പോലും അധ്യാപകൻ ഭയപ്പെടുകയാണ്.

“സംസ്കൃത വിഭാഗത്തിലേക്ക് ആര്യന്മാർ അല്ലാത്തവർ പ്രവേശിക്കരുതെന്ന് ഫലകത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 1916ൽ സർവകലാശാല സ്ഥാപകൻ മദൻ മോഹൻ മാളവ്യയാണ് ഈ ഫലകം സ്ഥാപിച്ചത്. സിഖ്, ജെയ്ന, ബുദ്ധ മതാനുയായികൾക്ക് ഇവിടെ പ്രവേശിക്കാം. ഇവർ ഒഴികെയുള്ള അഹിന്ദുക്കൾക്ക് ഇവിടെ പ്രവേശിക്കാൻ അനുവാദമില്ല”- പിഎച്ച്‌ഡി വിദ്യാർത്ഥിയായ ശുഭം കുമാർ തിവാരി പറയുന്നു.

അധ്യാപകനെ നീക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല വിസി രാകേഷ് ഭട്നാഗറുമായും സംസ്കൃത വിഭാഗം തലവൻ ഉമാകാന്ത് ചതുർവേദിയുമായും വ്യാഴാഴ്ച വിദ്യാർത്ഥികൾ ചർച്ച നടത്തിയിരുന്നു. എന്നാൽ മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ വിദ്യാർത്ഥികളുടെ ആവശ്യം ഇവർ നിരസിച്ചു. “ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പിന്തുടരാനാവില്ല. കാരണം സർവകലാശാല യുജിസിയുടെ കീഴിൽ വരുന്നതാണ്. അതുകൊണ്ട് തന്നെ യുജിസി നിയമങ്ങൾ ഞങ്ങൾക്ക് പിന്തുടരേണ്ടതുണ്ട്.”- ഉമാകാന്ത് ചതുർവേദി പറഞ്ഞു.

അതേ സമയം, വിഷയത്തെ നിയമപരമായി നേരിടാനാണ് വിദ്യാർത്ഥികളുടെ നിലപാട്. അധ്യാപകനെ മാറ്റുന്നതു വരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി.

രാജസ്ഥാൻ സർക്കാരിൻ്റെ സംസ്കൃത യുവ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുള്ളയാളാണ് ഫിറോസ് ഖാൻ. ജയ്പൂരിൽ നിന്ന് ബിഎ, ബിഎഡ്, എംഎ, പിഎച്ച്‌ഡി എന്നീ കോഴ്സുകൾ ചെയ്ത അദ്ദേഹം സംസ്കൃത സാഹിത്യത്തിലും പിഎച്ച്‌ഡി എടുത്തിട്ടുണ്ട്. ഒൻപത് പേരെ അഭിമുഖം നടത്തിയാണ് അദ്ദേഹത്തെ ജോലിക്കായി തിരഞ്ഞെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here