തവനൂരിൽ പ്രതീക്ഷാഭവനിലെ അന്തേവാസിയുടെ കുത്തേറ്റ് 5 പേർക്ക് പരുക്ക്

മലപ്പുറം തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ അന്തേവാസിയുടെ കുത്തേറ്റ് 5 പേർക്ക് പരുക്ക്. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസി ഒപ്പം താമസിക്കന്നവരെ ആക്രമിക്കുകയായിരുന്നു. അക്രമാസക്തനായ ഇയാളെ പൊലീസെത്തിയാണ് കീഴ്‌പ്പെടുത്തിയത്.

ഇന്ന് വൈകുന്നേരം ആറരയോടെയാണ് തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ ആക്രമണമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസി അടുക്കളയിൽ നിന്നും കത്തി തട്ടിയെടുത്ത് മറ്റ് അന്തേവാസികളെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. 5 പേർക്ക് കുത്തേറ്റു. ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനും മുതുകിനും സാരമായി പരുക്കേറ്റ രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മാനസിക വെല്ലുവിളി നേരിടുന്ന പുരുഷന്മാരെ പുനരധിവസിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് പ്രതീക്ഷാഭവൻ. ഇതിനു മുൻപും ഇവിടെ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ട് വർഷം മുൻപ് രാത്രി ഉറങ്ങിക്കിടന്നിരുന്ന അന്തേവാസിയുടെ തലയിൽ ആണിയടിച്ചിറക്കിയ സംഭവം വൻ വിവാദമായിരുന്നു. അക്രമാസക്തരായ അന്തേവാസികളെയും മറ്റുള്ളവരോടൊപ്പം തന്നെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top