സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ കുതിപ്പ്

പാലക്കാടന്‍ കോട്ട ഉയരുകയാണ് കണ്ണൂരില്‍. ആ കോട്ട തകര്‍ത്ത് കിരീടം നേടണമെങ്കില്‍ അവസാന ദിനം വന്‍ മുന്നേറ്റം നടത്തേണ്ടിവരും എറണാകുളത്തിന്. 34 ഫൈനലുകള്‍ നടന്ന മൂന്നാം ദിനത്തില്‍ 1500 മീറ്ററിലും ഹര്‍ഡില്‍സിലും കാഴ്ചവച്ച മികവാണ് പാലക്കാടിന് കരുത്ത് പകര്‍ന്നത്.

സ്‌കൂളുകളില്‍ കല്ലടി സ്‌കൂളും കോതമംഗലം മാര്‍ ബേസിലും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ നൂറു മീറ്ററിലും ലോംഗ് ജംപിലും നൂറു മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് മണിപ്പൂരുകാരന്‍ വാങ്മയൂങ് മുകറം സ്വര്‍ണം നേടിയത്. പാലക്കാടിന്റെ സൂര്യജിത്തിനും ജിജോയ്ക്കും സി ചാന്ദ്‌നിക്കുമൊപ്പം കോഴിക്കോടിന്റെ വി പി സനികയും ഇരട്ടസ്വര്‍ണം സ്വന്തമാക്കി.

സീനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ നന്ദന ശിവദാസും ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ബ്ലെസി ദേവസ്യയും സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിനില്‍ കോഴിക്കോടിന്റെ താലിത സുനിലും റെക്കോര്‍ഡ് തിരുത്തി. 4 X 400 മീറ്റര്‍ റിലേയിലടക്കം മീറ്റിന്റെ അവസാനദിനം ഇരുപത്തിമൂന്ന് ഫൈനലുകള്‍ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top