ജെഎൻയു സമരം; ഉന്നതാധികാര സമിതി നാളെ വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി നാളെ ജെഎൻയു വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും. കാമ്പസിന്റെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാനാണ് സമിതിയുടെ പ്രധാന അജണ്ട. ഹോസ്റ്റൽ ഫീസ് വർധനവ് പൂർണമായും പിൻവലിക്കണമെന്ന യൂണിയൻ അംഗങ്ങൾ സമിതിയോട് ആവശ്യപ്പെടും.

രാവിലെ പത്തരയ്ക്കാണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി ജെഎൻയു വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തുക. വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷെ ഘോഷ് , ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ശാസ്ത്രി ഭവനിലുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓഫീസിലാണ് ചർച്ച. കാമ്പസിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനാണ് സമിതിയുടെ ശ്രമം.

അതേസമയം, ഫീസ് വർധനവ് പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് യൂണിയൻ അംഗങ്ങൾ സമിതിയെ അറിയിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. മുൻ യുജിസി ചെയർമാൻ വിഎസ് ചൗഹാൻ ഉൾപ്പെടെ 3 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്. ഇന്നലെ പാർലമെന്റ് മാർച്ചിനിടെ പൊലീസുകാരുടെ ക്രൂരമായ മർദനത്തിൽ കാഴ്ച്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കു പോലും ഗുരുതരമായി പരുക്ക് പറ്റിയതായി വിദ്യാർത്ഥികൾ ആരോപിച്ചു.

നിരോധാജ്ഞ ലംലിച്ച് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ ജെഎൻയു ടീച്ചേഴ്‌സ് യൂണിയൻ പ്രതിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More