‘ജെഎൻയു വിദ്യാർത്ഥികളെ ഇത്ര വിലകുറഞ്ഞ തന്ത്രങ്ങൾകൊണ്ട് പിന്തിരിപ്പിക്കാൻ കഴിയില്ല’: ഷെഹ്‌ല റാഷിദ്

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഫീസ് വർധനയ്‌ക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റ് ഷെഹ്‌ല റാഷിദ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ സ്വകാര്യ ഫോട്ടോകൾ ഫേസ്ബുക്കിൽ നിന്നെടുത്ത് സർക്കാരിന്റെ പിന്തുണയോടെയാണ് പ്രചരിക്കുന്നതെന്ന് ഷെഹ്‌ല ട്വീറ്റിൽ പറഞ്ഞു.

ജെഎൻയു വിദ്യാർത്ഥികളെ ഇത്ര വിലകുറഞ്ഞ തന്ത്രങ്ങൾകൊണ്ടൊന്നും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ഷെഹ്‌ല പറഞ്ഞു. ജെഎൻയുവിലെ സമരം വ്യക്തിയുടെ താത്പര്യത്തിന് വേണ്ടിയല്ലെന്നും സമത്വ ഭാവിയ്ക്ക് വേണ്ടിയാണെന്നും ഷെഹ്‌ല വ്യക്തമാക്കി.

ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തുവന്നിരുന്നു. ജെഎൻയു വിഷയം ലോക്‌സഭയിലും ചർച്ചയായിരുന്നു. ആർ.എസ്.പിയും മുസ്ലീം ലീഗും തൃണമൂൽ കോൺഗ്രസും ജെ.എൻ.യു വിഷയത്തിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top