ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും. മദ്രാസ് ഐഐടിയിലെ സഹപാഠികളുടെയും ഹോസ്റ്റൽ വാസികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം, ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്. ഫാത്തിമയുടെ മരണത്തിനിടയാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് വിദ്യാർഥി റാലി നടക്കും.

എന്നാൽ ഫാത്തിമ ലത്തീഫിന്റെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം മദ്രാസ് ഐഐടി ഡയറക്ടർ തള്ളി. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സമാന്തര അന്വേഷണം നടത്താനാവില്ലെന്ന് ഡയറക്ടർ ഭാസ്‌കർ രാമമൂർത്തി അറിയിച്ചു. ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഐഐടി അധികൃതർ തള്ളിയതോടെയാണ് പ്രതിഷേധ സംഗമം നടത്താൻ തീരുമാനമായത്.

നവംബർ 10നാണ് ഫാത്തിമ ലത്തീഫിനെ മദ്രാസ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ടമെന്റിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ. അമ്മയുടെ ഫോൺകോളുകളോട് പെൺകുട്ടി പ്രതികരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥിനികളെ ഫോണിൽ ബന്ധപ്പെട്ട് മകളെ കുറിച്ച് അന്വേഷിച്ചു. വിദ്യാർത്ഥിനികൾ ഹോസ്റ്റൽ മുറിയിൽ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top