ഇബ്രാഹിം കുഞ്ഞിനെതിരായ ഹർജി: ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വിശദീകരണം തേടി

മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് അഴിമതി പണം വെളുപ്പിക്കാൻ ദുരുപയോഗം ചെയ്‌തെന്ന ഹർജിയിൽ ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വിശദീകരണം തേടി.

ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപയിലധികം തുക എത്തിയിരുന്നുവെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിൽ പ്രാഥമിക പരിശോധന നടത്തിയെന്നും കൂടുതൽ പരിശോധനക്കായി സർക്കാരിന്റെ അനുമതി ആവശ്യമുണ്ടന്നുമാണ് വിജിലൻസ് നിലപാട്.

Read Also: ഇബ്രാഹിം കുഞ്ഞ് കോഴപ്പണം വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി

ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കോടതി കക്ഷി ചേർത്തിരുന്നു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. അഴിമതി പണം വെളുപ്പിക്കാൻ മുൻമന്ത്രി പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

കേന്ദ്രസർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ 2016 നവംബർ 16ന് പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായ പിഎ അബ്ദുൽ സമീർ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാർക്കറ്റ് റോഡ് ബ്രാഞ്ചിലെ ചന്ദ്രികയുടെ പേരിലുള്ള അക്കൗണ്ടിൽ പത്ത് കോടി രൂപയും എസ്ബിഐ കലൂർ ശാഖയിൽ വൻതുകയും നിക്ഷേപിച്ചതായാണ് ഹർജിയിലെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top