ഫാത്തിമ ലത്തീഫിന്റെ മരണം: പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍. ചിന്താബാറിനു പുറമേ അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ അടക്കമുള്ള കൂട്ടായ്മകളും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ആഭ്യന്തര അന്വേഷണ വിഷയത്തില്‍ ചിന്താബാറുമായി കൂടിക്കാഴ്ചക്ക് ഐഐടി ഡയറക്ടര്‍ ഇനിയും സമയം അനുവദിച്ചിട്ടില്ല.

ഫാത്തിമ ലത്തീഫിന്റെ മരണത്തെ തുടര്‍ന്ന് ഐഐടി കാമ്പസില്‍ ഉയരുന്ന പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. സെന്‍ട്രല്‍ ലക്ചര്‍ തിയറ്ററില്‍ വിദ്യാര്‍ഥികള്‍ യോഗം ചേര്‍ന്നു. നിരാഹാര സമരം നടത്തിയ ചിന്താബാറിനു പുറമേ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ അടക്കമുള്ള കൂട്ടായ്മകളും പ്രക്ഷോഭത്തിന്റെ ഭാഗമാകും.

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന്മേല്‍ ഐഐടി ഡയറക്ടര്‍ ഇന്നു ചര്‍ച്ച നടത്തുമെന്നാണ് സ്റ്റുഡന്റ്‌സ് ഡീന്‍ ശിവകുമാര്‍ നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ ചര്‍ച്ച എപ്പോഴെന്ന് ഇനിയും ചിന്താബാറിനെ അറിയിച്ചിട്ടില്ല.
ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി ഇന്നലെയാണ് ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. അതിനിടെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം ഇന്നും ഏതാനും വിദ്യാര്‍ഥികളില്‍ നിന്ന് മൊഴിയെടുത്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top