നാലുവര്‍ഷമായിട്ടും പണി പൂര്‍ത്തിയാകാതെ അഗതി ആശ്രയ പദ്ധതി വീടുകള്‍

കാസര്‍ഗോഡ് നഗരസഭയിലെ നുള്ളിപ്പാടിയിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാതെ 14 വീടുകളുടെ നിര്‍മാണം പകുതിയില്‍ നിലച്ചത്. വീടുകളില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള പദ്ധതിയില്‍ നാല് വര്‍ഷം മുന്‍പാണ് കാസര്‍ഗോഡ് നുള്ളിപ്പാടിയില്‍ ഭവന നിര്‍മാണം ആരംഭിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം വീടുകളില്ലാതെ പ്രയാസങ്ങളനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് കാസര്‍ഗോഡ് നഗരസഭ 49 സെന്റ് ഭൂമിയില്‍ അഗതി ആശ്രയ പദ്ധതി പ്രകാരം വീടുകള്‍ അനുവദിച്ചത്. നാലു വര്‍ഷം മുന്‍പ് പണികളാരംഭിച്ചെങ്കിലും കോണ്‍ക്രീറ്റ് പണിയോടെ പാതിവഴിയിലായി. ആരും തിരിഞ്ഞു നോക്കാതായതോടെ പദ്ധതി പ്രദേശം ഇന്ന് കടുമൂടി ശവപ്പറമ്പിന് തുല്യമായി.

അതേ സമയം ആശ്രയ പദ്ധതിയിലെ വീടുകള്‍ക്ക് സമീപത്തായി മറ്റൊരു ഭവന പദ്ധതിയുടെ നിര്‍മാണം നടക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി 30 വീടുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണമാരംഭിച്ച വീടുകള്‍ 90 ശതമാനവും പൂര്‍ത്തിയായി. അടുത്ത ഫെബ്രുവരിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ കൈമാറുമെന്ന് അധികൃതര്‍ ഉറപ്പിച്ച് പറയുമ്പോഴാണ് പാവങ്ങള്‍ക്കായുള്ള ഭവന നിര്‍മാണം നഗരസഭ അധികൃതര്‍ പകുതി വഴിയില്‍ നിര്‍ത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More