ഗോസി റൈറ്റ് എന്ന ഏഴുവയസ്സുകാരിയെ കാതോര്‍ത്ത് ലോകം

ജമൈക്കന്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഗോസി റൈറ്റ് എന്ന പെണ്‍കുട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. കേള്‍ക്കാന്‍ ഈ ലോകമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്ന് ജമൈക്കയിലെ കുരുന്നുകള്‍ പറഞ്ഞുവെക്കുന്നു.

ഈ കുട്ടികള്‍ മതി, ലോകം കാക്കാന്‍ എന്ന് നമ്മെക്കൊണ്ട് പറയിപ്പിക്കുന്ന വാക്കുകള്‍. അതായിരുന്നു ഗോസി റൈറ്റ് എന്ന 7 വയസുകാരിയുടെ പ്രസംഗം. കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ജമൈക്കയിലെ പാര്‍ലമെന്റായിരുന്നു പ്രസംഗ വേദി. തെല്ലും ആശങ്കയില്ലാതെ, ഉള്ളില്‍ നിന്നു വരുന്ന വാക്കുകള്‍ കൊണ്ട് അവള്‍ ലോകത്തെ പിടിച്ചിരുത്തി. ‘ഞങ്ങള്‍ അസ്വസ്ഥരാണ്, ഞങ്ങള്‍ക്ക് വേദനയും ഭയവുമുണ്ട്’പതറാത്ത സ്വരത്തില്‍ ഗോസി പറഞ്ഞു.

കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജമൈക്കന്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലായിരുന്നു ഗോസിയുടെ ഉള്ളുതൊടുന്ന വാക്കുകള്‍. ഗോസിയുടെ ചലനങ്ങള്‍ പോലും കുട്ടികള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. ഗോസിയെക്കൂടാതെ കെയ്‌നോ കിങ്, തഫാരി, ഷെയ്ന്‍ ഹാള്‍ എന്നീ കുട്ടികളും യോഗത്തില്‍ പ്രസംഗിച്ചു. ഞങ്ങളെ സഹായിക്കാനാകുമോ എന്ന അപേക്ഷയായിരുന്നു പത്തുവയസുകാരനായ കെയ്‌നോ തന്റെ പ്രസംഗത്തിലൂടെ മുന്നോട്ടുവെച്ചത്.

രാജ്യാന്തര തലത്തില്‍ കുട്ടികളുടെ ദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജമൈക്കന്‍ പാര്‍ലമെന്റിലെ പ്രത്യേക യോഗം. കുട്ടികള്‍ നേരിടുന്ന ശാരീരിക പീഡനങ്ങളായിരുന്നു പ്രസംഗവിഷയം. ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് അടക്കമുള്ള പ്രമുഖര്‍ കുട്ടികളുടെ പ്രസംഗം കേള്‍ക്കാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More