Advertisement

ഹോങ്കോങിൽ ജനാധിപത്യ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ നിർണായക ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു

November 24, 2019
Google News 1 minute Read

ആറ് മാസമായി ജനാധിപത്യ പ്രക്ഷോഭം തുടരുന്ന ഹോങ്കോങിൽ നിർണായക ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 452 ജില്ലാ കൗൺസിൽ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആയിരത്തിലധികം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

കനത്ത സുരക്ഷയിലൂടെയാണ് ഹോങ്കോങിൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. 41 ലക്ഷം വോട്ടർമാരാണ് ഇത്തവണ സമ്മതിദാന അവകാശം രേഖപ്പെടുത്തുക. 27 സീറ്റുകൾ ഗ്രാമീണ മേഖലയിലെ പ്രതിനിധികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 7.30ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10.30ന് സമാപിക്കും. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഫലം പുറത്തുവരും.

തെരഞ്ഞെടുപ്പ് ഫലം ആറ് മാസമായി നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാവി നിർണയിക്കും. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രക്ഷോഭകർ. ഫലം ചൈനയ്ക്കുള്ള ശക്തമായ സന്ദേശമാകുമെന്നും അവർ കരുതുന്നു. നിലവിൽ ചൈനയെ അനുകൂലിക്കുന്ന ഗ്രൂപ്പുകളുടെ കൈവശമാണ് ജില്ലാ കൗൺസിൽ സീറ്റുകളിൽ ഭൂരിപക്ഷവും. പരമാവധി പേർ വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവർ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള അക്രമമുണ്ടായാൽ വോട്ടെടുപ്പ് നിർത്തിവെയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള ബില്ലിനെതിരെ കഴിഞ്ഞ ജൂണിലാണ് ഹോങ്കോങിൽ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് വിവാദനിയമം പിൻവലിച്ചെങ്കിലും നിലവിലെ ഭരണാധികാരിയും ചൈനാ അനുകൂലിയുമായ ക്യാരി ലാം രാജി അടക്കമുള്ള ആവശ്യവുമായാണ് പ്രതിഷേധം ഇപ്പോഴും തുടരുന്നത്.

Story high light: district council election begins in Hong Kong

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here