ജെഎൻയു സമരം; വിദ്യാർത്ഥികളുടെ നിർദേശങ്ങൾ തേടാൻ ആഭ്യന്തര ഉന്നതാധികാര സമിതി

ജെ എൻ യു വിദ്യാർത്ഥി സമരം തണുപ്പിക്കാൻ ശ്രമവുമായി സർവ്വകലാശാല അധികൃതർ. വിദ്യാർത്ഥികളുടെ നിർദേശങ്ങൾ തേടാൻ ആഭ്യന്തര ഉന്നതാധികാര സമിതിയെ നിയമിച്ചു. അതേ സമയം, സമിതി തങ്ങൾക്കൊപ്പമല്ലെന്നും അംഗീകരിക്കില്ലെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്.
വിദ്യാർത്ഥി സമരം ഇരുപത്തി ഒൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ജെഎൻയു സർവ്വകലാശാലയുടെ നടപടി. വിദ്യാർത്ഥികളുടെ നിർദേശങ്ങളും ആവശ്യങ്ങളും കേൾക്കാനാണ് 7 അംഗ ആഭ്യന്തര ഉന്നതാധികാര സമിതി രൂപീകരിച്ചിരിക്കുന്നത്. ഈ മെയിൽ മുഖേന നിർദേശങ്ങൾ അറിയിക്കാം. ഹോസ്റ്റൽ ഫീസ് വർധനവിനെ പിന്തുണയ്ക്കുന്നവരാണ് സമിതിയുള്ളതെന്നും സമിതിയെ അംഗീകരിക്കില്ലെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇത് ആദ്യമായാണ് വിഷയം പരിഗണിക്കാൻ സർവ്വകലാശാല ആഭ്യന്തരസമിതിയെ നിയോഗിക്കുന്നത്. നേരെത്തെ വിദ്യാർത്ഥി സമരത്തിനെതിരെ സർവ്വകലാശാല ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു.
വിദ്യാർത്ഥി സമരം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി നാളെ ശുപാർശകൾ സമർപ്പിക്കും. വിദ്യാർത്ഥികളുമായി രണ്ടു തവണയിലധികം ചർച്ച നടത്തിയാണ് ശുപാർശകൾ തയ്യാറാക്കിട്ടുള്ളത്. ശുപാർശകൾ അനുകൂലമായില്ലെങ്കിൽ തുടർ സമര പരിപാടികൾക്ക് നാളെ വിദ്യാർത്ഥികൾ രൂപം നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here