അയോധ്യ വിധി; സുപ്രിംകോടതിയിൽ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖ്അഫ് ബോർഡ്

അയോധ്യ വിധിക്കെതിരെ സുപ്രിംകോടതിയിൽ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖ്അഫ് ബോർഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന യോഗത്തിൽ ഭൂരിപക്ഷ തീരുമാനം അതാണെന്ന് വഖഫ് ബോർഡ് അംഗം അബ്ദുൾ റസാഖ് ഖാൻ പറഞ്ഞു. അതേസമയം ശബാന അസ്മി, നസ്‌റുദ്ദീൻ ഷാ അടക്കമുള്ള നൂറോളം മുസ്ലിം വ്യക്തിത്വങ്ങളും അയോധ്യ കേസിൽ പുനപരിശോധന ഹർജി നൽകേണ്ടെന്ന് ആവശ്യപ്പെട്ടു.
ഇന്ന് ചേർന്ന സുന്നി വഖഫ് ബോർഡിന്റെ യോഗത്തിൽ ആറ് അംഗങ്ങൾ പുനഃപരിശോധന ഹർജി നൽകേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ ഭൂരിപക്ഷ നിലപാട് എന്ന നിലയിൽ ഹർജി നൽകുന്നില്ലെന്ന് ബോർഡ് തീരുമാനിച്ചു.
സുന്നി വഖഫ് ബോർഡ് ഹർജി നൽകേണ്ടെന്ന നിലപാട് ജംഇയ്യത്തുൽ ഉലമ ഹിന്ദ് നേരത്തെ സ്വീകരിച്ചിരുന്നു. മുസ്ലിം വ്യക്തി നിയമ ബോർഡ് യോഗത്തിൽ പുനഃപരിശോധന ഹർജി നൽകണമെന്ന് മിക്ക സംഘടനകളും ആവശ്യപ്പെടുകയും സുന്നി വഖഫ് ബോർഡ് ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് വഖഫ് ബോർഡ് പുതിയ ഹർജി നൽകുമെന്ന വാർത്തകൾ ഉണ്ടായിരുന്നു.
അതേസമയം പതിറ്റാണ്ടുകൾ നീണ്ട നിയമ വ്യവഹാരം ഇനിയും നീട്ടിക്കൊണ്ട് പോകുന്നത് മുസ്ലിം സമുദായത്തിന് ഗുണം ചെയ്യില്ലെന്ന് ചൂണ്ടി കാട്ടിയാണ് ശബാന അസ്മി അടക്കമുള്ളവർ പുനഃപരിശോധന ഹർജി നൽകരുതെന്ന് ആവശ്യപെട്ടത്.
Story Highlights : Ayodhya, Supreme court, Sunni Waqf Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here