ഫാത്തിമ ലത്തീഫിന്റെ മരണം: നീതി വേഗത്തിലാക്കാന്‍ സോഷ്യല്‍മീഡിയയുടെ സഹായം തേടി കുടുംബം

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ദുരൂഹത ഒഴിയുന്നില്ല. നീതി തേടി കുടുംബത്തിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. വിഷയത്തിന് ദേശീയ ശ്രദ്ധ നല്‍കി നീതി വേഗത്തിലാക്കാനായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുകയാണ് ഫാത്തിമയുടെ വീട്ടുകാര്‍.

ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫ് എന്ന മദ്രാസ് ഐഐടി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ഐഐടി അധികൃതരുടെ ആദ്യ പ്രതികരണം അസാധാരണമായി ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു. പക്ഷേ തന്റെ മകളുടെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മനസിലാക്കിയ അബ്ദുല്‍ ലത്തീഫ് വാര്‍ത്ത മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു.

എന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍ കുറിച്ചിരുന്നു. കേരളത്തിലെ മറ്റു മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. പിന്നാലെ അബ്ദുല്‍ ലത്തീഫ് ചെന്നൈയിലെത്തി.

തമിഴ്‌നാട് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ഉള്‍പ്പടെയുള്ളവരെ കണ്ടു. അത് വരെ നിശബ്ദമായിരുന്ന ഐഐടിയില്‍ എണ്ണത്തില്‍ കുറവെങ്കിലും പ്രതിഷേധമുയര്‍ന്നു. തമിഴ്‌നാട്ടിലും വാര്‍ത്ത ചര്‍ച്ചയായി. അതോടെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണം തുടങ്ങി ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴും അന്വേഷണ സംഘത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയാണ് ഈ കുടുംബം. ഒപ്പം വിഷയത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിക്കാനും കുടുംബം പോരാടുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ വീണ്ടും ചെന്നൈയിലെത്തിയിരിക്കുന്ന കുടുംബം പ്രധാനമന്ത്രിയെ നേരില്‍ കാണാനുള്ള ഒരുക്കത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top