ചെമ്മനം ചാക്കോ നിർദേശിച്ച ‘കലാസൂര്യൻ’ തിരസ്‌ക്കരിക്കപ്പെട്ടു; ചില സ്‌കൂൾ കലോത്സവ ഓർമകൾ

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാസർഗോഡ് തിരിതെളിഞ്ഞിരിക്കുകയാണ്. ഇനി കലാമാമാങ്കത്തിന്റെ നാല് നാളുകൾ. ഓരോ കലോത്സവും കടന്നു പോകുമ്പോഴും നിരവധി ചരിത്രങ്ങളും പിറക്കാറുണ്ട്. അങ്ങനെ പിറന്ന രണ്ട് ചരിത്രങ്ങളാണ് ‘കലാപ്രതിഭയും കലാതിലകവും’. ഉയർന്ന പോയിന്റ് കരസ്ഥമാക്കുന്ന ആൺകുട്ടിക്ക് കലാ പ്രതിഭ പട്ടവും പെൺകുട്ടിക്ക് കലാ തിലക പട്ടവും നൽകി വന്നിരുന്നു. പിന്നീട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത് എടുത്തുകളയുകയും ചെയ്തു. ഈ പേരുകൾ എങ്ങനെയാണ് വന്നത്? അത് നിർദേശിച്ചത് ആരാണ്?

1986 ൽ ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള കലാ പ്രതിഭ, തിലക പട്ടങ്ങൾ നിലവിൽ വന്നത്. പ്രശസ്ത കവി ചെമ്മനം ചാക്കോ, പ്രതിഭ തെളിയിക്കുന്ന ആൺകുട്ടിക്ക് കലാ സൂര്യനെന്നും പെൺകുട്ടിക്ക് കലാ തിലകമെന്നും പേര് നിർദേശിച്ചു. അന്ന് വിധികർത്താവായി എത്തിയതായിരുന്നു ചെമ്മനം ചാക്കോ. എന്നാൽ മറ്റൊരു വിധികർത്താവ് നിർദേശിച്ച കലാപ്രതിഭ എന്ന പേരാണ് സ്വീകാര്യമായത്. കലാപ്രതിഭ എന്ന പേര് ആണും പെണ്ണുംകെട്ട പേരായിപ്പോയെന്ന് ചെമ്മനം പിന്നീട് ഒരു മാധ്യമത്തോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

നർത്തകനും നടനുമായ വിനീതായിരുന്നു ആദ്യ കലാപ്രതിഭ. പൊന്നമ്പിളി അരവിന്ദ് കലാതിലകമായി. പ്രതിഭ, തിലക പട്ടങ്ങൾ ലഭിക്കുന്നവർക്ക് മെഡിക്കൽ എഞ്ചിനീയറിഗ് പഠനത്തിൽ സംവരണം ഏർപ്പെടുത്തുന്നതും ഗ്രേസ് മാർക്ക് നൽകുന്നതും മത്സരം അനാരോഗ്യകരമായ പ്രവണതിയിലേക്ക് നീങ്ങുന്നതിന് കാരണമായി. തുടർന്ന് 2006ലെ മേളയിൽ പ്രതിഭ, തിലക പട്ടങ്ങൾ ഒഴിവാക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top