പൂയപ്പള്ളിയിലെ ജപ്തി നടപടിയിൽ കോടതിയെ പഴിചാരി യൂക്കോ ബാങ്ക്

പൂയപ്പള്ളിയിലെ ജപ്തി നടപടിയിൽ കോടതിയെ പഴിചാരി യൂക്കോ ബാങ്ക്. വീട് പൂട്ടി ജപ്തി നടപ്പാക്കിയത് കോടതിയാണ്. യൂക്കോ ബാങ്ക് ജീവനക്കാർ വീടും സ്ഥലവും കാട്ടികൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ബാങ്കിന്റെ വിശദീകരണം. അതേസമയം, ബാങ്കിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യമാണുള്ളത്.
കഴിഞ്ഞ ദിവസമാണ് അമ്മയേയും മകളേയും വീടിനുള്ളിൽ പൂട്ടിയിട്ട് യൂക്കോ ബാങ്ക് ക്രൂരമായ രീതിയിൽ ജപ്തി നടപ്പിലാക്കിയത്. എന്നാൽ, നടപടി വിവാദമായതോടെ ജപ്തിയുടെ മുഴുവൻ ഉത്തരവാദിത്വവും കോടതിക്ക് മേൽ കെട്ടിവെച്ച് രക്ഷപ്പെടാനൊരുങ്ങുകയാണ് യൂക്കോ ബാങ്ക് അധികൃതർ. ബാങ്ക് അധികൃതർ വീടും സ്ഥലവും കാട്ടികൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജപ്തി നടപടികൾ കൊട്ടാരക്കര സിജെഎം കോടതി ജീവനക്കാരാണ് നടത്തിയതെന്നുമാണ് ബാങ്കിന്റെ വിശദീകരണം. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ പരസ്യ പ്രതികരണത്തിന് തയാറല്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. കശുവണ്ടി വ്യവസായി ട്രേഡ് യൂണിയനുകൾ സംയുക്തമായി കൊല്ലം യൂക്കോ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ക്ലോക്ക് ടവറിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് യൂക്കോ ബാങ്കിന്റെ 100 മീറ്റർ അകലെയായി പൊലീസ് തടയുകയായിരുന്നു. ബാങ്കുകളുടെ ജപ്തി നടപടികൾക്കെതിരെ ഒറ്റകെട്ടായി ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെറുത്തു നിൽക്കുമെന്ന് കേരളാ സ്റ്റേറ്റ് ക്യാഷ്യു ഡെവലെപ്‌മെന്റ് കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ സമരം ഉത്ഘാടനം ചെയ്ത് പറഞ്ഞു. ഡിവൈഎഫ്‌ഐ യൂക്കോ ബാങ്കിനുളളിൽ കടന്നും പ്രതിഷേധം നടത്തി. ബാങ്കിന്റെ ലോക്കുകൾ അകത്ത് നിന്ന് പൂട്ടിയായിരുന്നു ഡിവൈഎഫ്‌ഐ യുടെ പ്രതിഷേധം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here