മിമിക്രിയിലെ ‘ബിഗ് ബി’; അബിയുടെ ഓര്‍മകള്‍ക്ക് രണ്ടു വയസ്

മിമിക്രിയെന്ന കലാരൂപത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച കലാഭവന്‍ അബിയുടെ ഓര്‍മകള്‍ക്ക് രണ്ടു വയസ് തികയുന്നു. മിമിക്രി വേദികളില്‍ അബി അനശ്വരമാക്കിയ അനേകം കഥാപാത്രങ്ങള്‍ മായാത്ത ഓര്‍മകളായി മലയാളി മനസില്‍ ഇന്നും അവശേഷിക്കുന്നു.

1990 കളില്‍ മിമിക്രി ലോകത്തെ സൂപ്പര്‍ താരമായിരുന്നു അബി. അമിതാഭ് ബച്ചന്‍, മമ്മൂട്ടി തുടങ്ങിയ മെഗാ സ്റ്റാറുകളുടെ ഘനഗംഭീര ശബ്ദം അബിയുടെ അനുകരണത്തില്‍ മിമിക്രി വേദികളെ പുളകം കൊള്ളിച്ചു. എന്നാല്‍ ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണ് അബി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്.

1991 ല്‍ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ ഹാസ്യ കഥാപാത്രം അവതരിപ്പിച്ച് അബി സിനിമാ ലോകത്ത് സാനിധ്യം അറിയിച്ചു. ഭീഷ്മാചാര്യ, എല്ലാരും ചൊല്ലണ്, ചെപ്പ് കിലുക്കണ ചങ്ങാതി, സൈന്യം, മഴവില്‍ കൂടാരം, അനിയത്തിപ്രാവ് തുടങ്ങി അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്‍പത്തിരണ്ടാം വയസില്‍ അപ്രതീക്ഷിതമായാണ് ഹബീബ് മുഹമ്മദ് എന്ന അബി ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. അകാലത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും കലാ കേരളത്തിന് അബി നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല.

ഒരു മിമിക്രിക്കാരനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് ചിരിയുടെ ഒരു പുതിയ ലോകമാണ് അബി മലയാളികള്‍ക്കായി ഒരുക്കിയത്. മിമിക്രിയിലും സിനിമയിലും തിളങ്ങിയ താരം ഒരു മുന്നറിയിപ്പുമില്ലാതെ പലവട്ടം ഇരു മേഖലയില്‍ നിന്നും അകന്നു. സിനിമയില്‍ കത്തി നിന്ന താരം പെട്ടെന്നാണ് സിനിമയുടെ ലൈം ലൈറ്റില്‍ നിന്ന് അകന്നത്. പിന്നീടൊരു തിരിച്ച് വരവ് ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ്.

നല്ല കഴിവുണ്ടായിട്ടും സിനിമ ലോകം വേണ്ടത്ര രീതിയില്‍ ഈ താരത്തെ ഉപയോഗിച്ചോ എന്ന് ചോദിച്ചാല്‍ നിസംശയം ഇല്ലെന്ന് തന്നെ പറയാം. ഒപ്പമുണ്ടായിരുന്നവര്‍ ശ്രദ്ധിക്കപ്പെട്ടിട്ടും തനിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നും അബി തന്നെ തുറന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. തനിക്കെതിരെ വന്ന പാരകളെ പ്രതിരോധിക്കാന്‍ ആരും ഇല്ലായിരുന്നെന്നും അബി ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.

Read More:അബി, മിമിക്രിയിലെ ബിഗ് ബി

പെരുമ്പാവൂരിലായിരുന്നു അബി എന്ന് ഹബീബ് അഹമ്മദിന്റെ ജനനം. മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് മിമിക്രി ലോകത്തേക്ക് വന്ന അബി സിനിമാ താരങ്ങളുടെ ശബ്ദം അനുകരിക്കാന്‍ പഠിക്കുന്നത് ആലപ്പി അഷ്‌റഫിനെ കണ്ടശേഷമാണ്. മിമിക്രിയില്‍ നിന്ന് അകന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കാന്‍ പോയ അബി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നതോടെയാണ് മിമിക്രിയില്‍ വീണ്ടും സജീവമാകുന്നത്. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വിജയിയായതോടെ ഒരു ട്രൂപ്പ് തുടങ്ങി.

ദിലീപും, കോട്ടയം നസീറും, സലീംകുമാറും, ഹരിശ്രീ അശോകനുമായി ചേര്‍ന്ന് ഇറക്കിയ മിമിക്രി കാസറ്റുകള്‍ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. അവരെല്ലാം സിനിമയില്‍ സൈന്യം, കാസര്‍കോട് കാദര്‍ഭായി, മിമിക്‌സ് ആക്ഷന്‍ 500 തുടങ്ങി കുറച്ച് ചിത്രങ്ങളിലൂടെ അബിയും ചില ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാല്‍ ആ ഭാഗ്യം അധിക നാള്‍ തുണച്ചില്ല.

കാസറ്റ് യുഗം കഴിഞ്ഞതോടെ അബി പൂര്‍ണമായും  പിന്‍വാങ്ങി. ചില ചാനല്‍ ഷോകളിലും, വിദേശ സ്റ്റാര്‍ ഷോകളിലും മാത്രം ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു. 2017 നവംബര്‍ 30 ന് രാവിലെ എട്ടുമണിയോടെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Story highlights – Kalabhavan Abi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top