സപ്തഭാഷകളുടെ നാട്ടിൽ ചരിത്രം പറഞ്ഞ് അലാമിക്കളി; വീഡിയോ

കലോത്സവനഗരിയിൽ കാസറയുമായി ട്വന്റിഫോറും തിരക്കിലാണ്. വൈവിധ്യമാർന്ന തങ്ങളുടെ കലാപാരമ്പര്യം തുളുനാട്ടുകാർ ലോകത്തിന് മുന്നിൽ തുറന്നുവയ്ക്കുന്നത് ക്യാമറയിലാക്കുകയാണ് ഞങ്ങൾ. മറവിയിലാണ്ടുപോയ കാസർഗോഡിന്റെ തനത് കലാരൂപം അലാമിക്കളിയും സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ വിളംബരമായി അവർ അവതരിപ്പിച്ചു.

അലാമിക്കളിക്ക് പകരംവയ്ക്കാനാവാത്ത ഒരു ചരിത്രമുണ്ട്. മുസ്ലിം സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് അലാമിക്കളി. യസീദ് എന്ന ഏകാധിപതിയുടെ ദുർഭരണത്തിനെതിരെ പ്രവാചകൻ മുഹമ്മദിന്റെ ചെറുമകൻ ഹുസൈന്റെ നേതൃത്വത്തിൽ നടന്ന കർബല യുദ്ധത്തിന്റെ ശേഷിപ്പുകളാണ് അലാമിക്കളിയിലുള്ളത്.

യുദ്ധത്തിൽ ഹുസൈൻ കൊല്ലപ്പെട്ടു. തലയറുത്തു മാറ്റിയും ശരീരഭാഗങ്ങൾ ഛേദിച്ചും യസീദിന്റെ പടയാളികൾ അദ്ദേഹത്തെ അപമാനിച്ചു. ഹുസൈന്റെ മരണത്തിൽ വ്രതമെടുക്കുന്ന കാസർഗോട്ടെ ഹിന്ദു സമുദായമാണ് അലാമികൾ. ഉണങ്ങാത്ത മുറിവായി മുസ്ലിങ്ങളുടെ മനസ്സിലുള്ള കർബലയുടെ ഓർമകളുണർത്തി ഇവർ കളിക്കുന്ന കളിയാണ് അലാമിക്കളി.

യുദ്ധത്തിൽ ഹുസൈനെയും സംഘത്തെയും ഭയപ്പെടുത്താൻ കരിവേഷം കെട്ടിയ ശത്രുസൈന്യത്തിന്റെ പ്രതീകമായാണ് അലാമിക്കളിയിലുള്ള കരിവേഷങ്ങൾ. കറുത്ത വേഷം ധരിച്ച് തോളിൽ തുണികൊണ്ടുള്ള മാറാപ്പും തലയിൽ പാളത്തൊപ്പിയുംവച്ച് ഇവർ നൃത്തം ചെയ്യുകയാണ്. ഹിന്ദു മുസ്ലിം സാഹോദര്യത്തിന്റെ നിറം മങ്ങിത്തുടങ്ങിയ ഓർമകൾക്കുമേൽ കാസർഗോഡുകാർ ഇങ്ങനെയൊക്കെയാണ് മറുപടി നൽകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top