Advertisement

പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് വേണ്ടേ….? മലയാളികളോട് ആദ്യം ചോദിച്ചത് സച്ചിന്‍

December 1, 2019
Google News 4 minutes Read

പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. ഹെല്‍മറ്റ് വയ്ക്കുന്നത് നല്ലതാണെന്നും സുരക്ഷയാണ് പ്രധാനമെന്നും പ്രതികരണങ്ങള്‍ ഉണ്ടായി. എങ്കിലും കുറച്ചുപേരെങ്കിലും ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് ഉപയോഗിച്ചുകൂടെ എന്ന് മലയാളികളോട് ആദ്യം ചോദിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിനാണെന്ന് പറയാം. രണ്ടു വര്‍ഷം മുന്‍പ് കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടി തിരുവനന്തപുരത്തെത്തിയ സച്ചിന്‍ കാറില്‍ പോകുമ്പോഴായിരുന്നു ഹെല്‍മറ്റ് ധരിക്കുന്നതിനെക്കുറിച്ചുള്ള ഉപദേശം ബൈക്ക് യാത്രികര്‍ക്ക് നല്‍കിയത്.

സൈഡിലൂടെ പോയ ബൈക്ക് യാത്രികയെ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു സച്ചിന്‍. ട്വിറ്ററിലൂടെയാണ് ഹെല്‍മറ്റ് ധരിക്കാന്‍ ഉപദേശിക്കുന്ന വീഡിയോ സച്ചിന്‍ പുറത്തുവിട്ടത്. നേരത്തെ മുംബൈയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവാക്കളോട് സച്ചിന്‍ ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വീഡിയോയും വൈറലായിരുന്നു. അന്ന് യുവാക്കള്‍ സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെന്താ, പക്ഷേ ഹെല്‍മെറ്റ് ധരിക്കാന്‍ മറക്കരുതെന്ന് ഉപദേശം നല്‍കുകയായിരുന്നു. വീഡിയോ ഇന്നും പ്രസക്തമാണ്.

Read More:ഹെൽമറ്റ് പരിശോധന: ലാത്തി ഉപയോഗമോ ദേഹപരിശോധനയോ പാടില്ല; ഡിജിപി ഉത്തരവിറക്കി

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന് മുതലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ള പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാന്‍ പരിശോധന കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പും പൊലീസും തീരുമാനിച്ചു.

കുട്ടികള്‍ ഉള്‍പ്പെടെ പിറകിലിരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഇത് പെട്ടെന്ന് നിര്‍ബന്ധമാക്കുന്നതിന് പകരം ബോധവല്‍ക്കരണത്തിന് ശേഷം നിര്‍ബന്ധമാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയശേഷമാണ് ഇന്ന് മുതല്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
നിയമലംഘനം ആവര്‍ത്തിച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കും. സ്ഥിരമായി ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കും. നിയമലംഘനങ്ങള്‍ തടയാന്‍ 85 സ്‌ക്വാഡുകള്‍ക്ക് പുറമെ കാമറ നിരീക്ഷണവും ശക്തമാക്കും. ഇതിനായി ഹൈവേകളില്‍ 240 ഹൈ സ്പീഡ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

റോഡിലുള്ള പരിശോധനയില്ലെങ്കിലും കാമറ വഴി നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. ഗുണമേന്മയില്ലാത്ത ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കും ചിന്‍സ്ട്രാപ്പ് ഇല്ലാതെ ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കും. കടയ്ക്കല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാഹനത്തെ പിന്തുടര്‍ന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story highligh – sachin tendulkar, HELMET

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here