നാം രണ്ട് നമുക്ക് രണ്ട്; ഹെല്‍മറ്റ് ചലഞ്ചുമായി പൊലീസ്

ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയതോടെ ഹെല്‍മറ്റ് ചലഞ്ചുമായി കേരള പൊലീസ്. നാം രണ്ട് നമുക്ക് രണ്ട് എന്ന പേരിലാണ് ഹെല്‍മറ്റ് ചലഞ്ച്. ഹെല്‍മറ്റ് ധരിച്ചുകൊണ്ട് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാനാണ് പൊലീസ് ചലഞ്ച് ചെയ്തിരിക്കുന്നത്.
മികച്ച ചിത്രങ്ങള്‍ കേരളാ പൊലീസിന്റെ പേജില്‍ ഷെയര്‍ ചെയ്യും. ചിത്രങ്ങള്‍, വിവരങ്ങള്‍ സഹിതം kpsmc.pol@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഡിസംബര്‍ ഒന്നു മുതലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ള പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിബന്ധന.
കുട്ടികള്‍ ഉള്‍പ്പെടെ പിറകിലിരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കും. സ്ഥിരമായി ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കും. നിയമലംഘനങ്ങള്‍ തടയാന്‍ 85 സ്‌ക്വാഡുകള്‍ക്ക് പുറമെ കാമറ നിരീക്ഷണവും ശക്തമാക്കും. ഇതിനായി ഹൈവേകളില്‍ 240 ഹൈ സ്പീഡ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
റോഡിലുള്ള പരിശോധനയില്ലെങ്കിലും കാമറ വഴി നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. ഗുണമേന്മയില്ലാത്ത ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കും ചിന്‍സ്ട്രാപ്പ് ഇല്ലാതെ ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here