പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; കുടുംബത്തിന്റെ താമസവും, കുട്ടികളുടെ പഠനവും ഏറ്റെടുത്ത് നഗരസഭ

തിരുവനന്തപുരത്ത് കൈതമുക്കിൽ പട്ടിണി സഹിക്കവയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൈക്കൊണ്ട് തിരുവനന്തപുരം നഗരസഭ. കുടുംബത്തിന് താമസ സൗകര്യവും അമ്മയ്ക്ക് താത്കാലിക ജോലിയും നഗരസഭ വാഗ്ദാനം ചെയ്തു.
കുടുംബത്തെ മാറ്റി പാർപ്പിക്കാനായി പണി പൂർത്തിയായി കിടക്കുന്ന ഫ്‌ളാറ്റ് കൈമാറാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും, താമസം, ആരോഗ്യം അടക്കമുള്ള വിഷയങ്ങൾ സാമൂഹിക പ്രതിബദ്ധതയുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ ഏറ്റെടുക്കുമെന്നും മേയർ അറിയിച്ചു. നാളെ മുതൽ അമ്മയ്ക്ക് താത്ക്കാലിക ജോലിയും മേയർ വാഗ്ദാനം ചെയ്തു.
പോറ്റാൻ വഴിയില്ലാതെ അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന നാടിന്റെ നെഞ്ച് പിളർക്കുന്ന വാർത്ത ഇന്ന് വൈകീട്ടോടെയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം കൈതമുക്കിൽ സർക്കാർ പുറമ്പോക്കിൽ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ ശിശുക്ഷേമ സ്ഥിതിക്ക് കൈമാറിയത്.
ആറു മക്കളിൽ നാലു മക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മറ്റ് രണ്ട് കുട്ടികൾ മുല കുടിക്കുന്നവരാണ്. ആവശ്യമെങ്കിൽ അവരെയും ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
ബാനർ, ഫ്‌ളക്‌സ് എന്നിവ കൊണ്ട് കെട്ടിമറച്ച കുഞ്ഞുവീട്ടിലാണ് കുടുംബം താമസിക്കുന്നത്. മുമ്പ് ശിശുക്ഷേമ സമിതി നൽകിയ പോഷകാഹാരം മാത്രമേ കുട്ടികൾക്ക് ആരോഗ്യമുള്ള ഭക്ഷണം എന്ന രീതിയിൽ നൽകിയിട്ടുള്ളുവെന്ന് അമ്മ പറഞ്ഞിരുന്നു.