ഇന്ന് ലോക ഭിന്നശേഷി ദിനം

ഇന്ന് ലോക ഭിന്നശേഷി ദിനം. ‘പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവും പ്രോൽസാഹിപ്പിക്കുക’ എന്നതാണ് ഐക്യരാഷ്ട്ര സഭ ഇത്തവണ മുന്നോട്ട് വെക്കുന്ന പ്രമേയം.

1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ഭിന്നശേഷിക്കാരുടെ ദിനമായി പ്രഖ്യാപിച്ചത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിൻറെ ലക്ഷ്യം.

ആരാണ് ഭിന്നശേഷിക്കാർ

ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകൾ ഉള്ളവരും, ഇത്തരം ബലഹീനതകൾ വിവിധ പ്രതിബന്ധങ്ങളുമായി സമ്പർക്കം പുലർത്തുന്നതു കാരണം, മറ്റുള്ളവർക്കൊപ്പം തുല്യ അളവിൽ, സമൂഹത്തിൽ പൂർണ്ണവും ഗുണപരവുമായ ഇടപെടലുകൾ നടത്തുന്നതിന് കഴിയാത്തവരെയാണ് യുഎൻസിആർപിഡി (United Nations Convention for the Rights of Persons with Disability) എന്ന അന്താരാഷ്ട്ര കൺവെൻഷൻ ഭിന്നശേഷിയുള്ളവരെ നിർവചിക്കുന്നത്.

എന്താണ് യുഎൻസിആർപിഡി

ഭിന്നശേഷിയെ സംബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര കൺവെൻഷൻ ആണ് യുഎൻസിആർപിഡി. 2006 ഡിസംബർ 13 നാണ് ഇത് അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതിൽ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികൾക്ക് വിധേയരാണെന്ന് (state parties) സമ്മതിച്ചു.

നിലവിലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയിൽ 2.21 ശതമാനം ഭിന്നശേഷിക്കുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർഥത്തിൽ ഇത് പത്ത് മുതൽ 15 ശതമാനം വരെയാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നത്. അതായത് 13 മുതൽ 20 കോടിയോളം വരുന്ന വലിയ ജനവിഭാഗം. എന്നാൽ രാജ്യത്തെ പൊതുമേഖലാ തൊഴിൽ രംഗത്ത് വെറും .1 ശതമാനം മാത്രമാണ് ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം. മൂന്ന് ശതമാനം ജോലി ഭീന്നശേഷിക്കാർ സംവരണം ചെയ്യുന്ന നിയമം നിലനിൽക്കുമ്പോഴാണ് ഈ ദുരവസ്ഥ. സ്വകാര്യമേഖലയിൽ 0.47 ശതമാനവും. ഉന്നത വിദ്യാഭ്യാസം നേടിയാലും ജോലി ലഭിക്കാത്ത സാഹചര്യമാണ് ഭിന്നശേഷിക്കാർക്കുള്ളത്. പരിമിതികളെ അതിജീവിച്ച് മുന്നോട്ട് വരുമ്പോഴും ഒപ്പം നിർത്താൻ ആരുമില്ലാത്ത അവസ്ഥ. സമൂഹത്തിൻറെ സഹതാപത്തെക്കാൾ അഭിമാനകാരമായ നിലനിൽപ്പാണ് ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്. സമൂഹത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ ആരെയും പിന്നിൽ ഉപേക്ഷിക്കാതെ ഒപ്പം ചേർത്തു പിടിക്കാൻ ഈ ഭിന്നശേഷി ദിനവും നമ്മെ ഓർമ്മപ്പെടുക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More