കേരളം വന്‍ വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ഛത്തീസ്ഗഡ് നല്‍കുന്നത് കുറഞ്ഞ നിരക്ക്

അമിത വാടക നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെന്ന ആരോപണം ശരിവച്ച് കൂടുതല്‍ തെളിവുകള്‍. കേരളം ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപ മുടക്കി വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്ടറിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രം. വാടക ബില്ലിന്റെ പകര്‍പ്പ് ട്വന്റി ഫോറിന് ലഭിച്ചു.

രാജ്യത്തെ ഏറ്റവുമധികം നക്‌സല്‍ ഭീഷണി നേരിടുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിന് 25 മണിക്കൂര്‍ നേരത്തേക്ക് ഹെലികോപ്റ്റര്‍ നല്‍കുന്നതിന്, ഹൈദരാബാദ് ആസ്ഥാനമായ വിമാനക്കമ്പനി വിംഗ്‌സ് ഏവിയേഷന്‍ ഈടാക്കുന്നത് 85 ലക്ഷം രൂപയാണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ബില്ലിന്റെ പകര്‍പ്പാണ് പുറത്ത് വന്നത്.

അതേ സമയം കേരളത്തിന് 20 മണിക്കൂര്‍ സേവനത്തിനായി പവന്‍ ഹാന്‍സ് കമ്പനി ഈടാക്കുന്നത് ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയാണ്. പതിനൊന്ന് സീറ്റുള്ള ഇരട്ട എഞ്ചിന്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍, ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതേ സൗകര്യങ്ങളെല്ലാമുള്ള ഹെലികോപ്ടറാണ് ഛത്തീസ്ഗഡ് പൊലീസും ഉപയോഗിക്കുന്നത്.

സംസ്ഥാനത്തിന്റെ ഹെലികോപ്ടര്‍ ഇടപാടിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് ഈ വിവരങ്ങള്‍.
കേരളം കരാറൊപ്പിട്ടിരിക്കുന്ന ഡോഫിന്‍ എന്‍ 3 മോഡല്‍ ഹെലികോപ്ടറാണങ്കില്‍ ഇരുപത് മണിക്കൂറിന് എഴുപത് ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് സര്‍ക്കാരിനോട് അറിയിച്ചിരുന്നതായും കമ്പനി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top