‘പ്രധാനമന്ത്രി സഖ്യത്തിന് പ്രേരിപ്പിച്ചു’; വെളിപ്പെടുത്തലുമായി ശരത് പവാർ

പ്രധാനമന്ത്രി തന്നെ സഖ്യത്തിന് പ്രേരിപ്പിച്ചതായ വെളിപ്പെടുത്തലിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് ശരത് പവാർ. എന്നാൽ പവാറിന്റെ പ്രസ്താവന തള്ളിയ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാക്കുമ്പോൾ ബിജെപി അധികാരത്തെ രാഷ്ട്രീയ വിലപേശലുകൾക്ക് ഉപാധിയാക്കുന്നു എന്ന വിമർശനമാണ് വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചൂടുപിടിക്കുന്നത്. പവാറിനെ മുന്നണിയിലേക്ക് തങ്ങൾ അറിയാതെ ക്ഷണിച്ചതിൽ എൻഡിഎ ഘടക കക്ഷികൾക്കിടയിലും അതൃപ്തി ശക്തമാകുകയാണ്.

കഴിഞ്ഞ മാസം മോദിയും ശരത് പവാറും തമ്മിൽ നടന്ന കൂടിക്കാഴ്ച നിലവധി ചർച്ചകൾക്ക് വഴിവച്ചിരുന്നു. ശരത് പവാറിനെയും എൻസിപിയെയും മോദി പുകഴ്ത്തി സംസാരിച്ചതും ചർച്ചയായി. പാർലമെന്ററി പ്രവർത്തനങ്ങൾ നടത്തേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ബിജെപിക്ക്, എൻസിപിയിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നായിരുന്നു മോദിയുടെ കമന്റ്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനങ്ങളിൽ മോദി, എൻസിപി നേതാവ് പവാറിനെ കുറിച്ച് ഒന്നും പരാമർശിമക്കാതിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം ശിവസേനയുമായി കൂട്ട് ചേർന്ന് സർക്കാർ ഉണ്ടാക്കിയതിന് ശേഷമാണ് പവാർ ഇന്നലെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മോദി, തനിക്ക് രാഷ്ട്രപതിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന കാര്യം നിഷേധിച്ച പവാർ പക്ഷേ, തന്റെ മകൾ സുപ്രിയയ്ക്ക് കേന്ദ്ര മന്ത്രിസ്ഥാനം നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതായി അറിയിച്ചു. പവാറിന്റെ വെളിപ്പെടുത്തൽ അധികാരത്തെ രാഷ്ട്രീയ വിലപേശലുകൾക്ക് ഉപാധി ആക്കാൻ ബിജെപിയ്ക്ക് വേണ്ടി പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയതിന്റെ തെളിവാണെന്നാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ വിമർശനം.

അതേസമയം പവാറിന്റെ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായ ബിജെപി ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പാർട്ടിയുടെ വിവിധ നേതാക്കൾ പവാറിന്റേത് കേവലം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ആരോപണങ്ങളാണെന്നാണ് വിശദീകരിക്കുന്നത്. പവാറിനെ മുന്നണിയിലേക്ക് തങ്ങൾ അറിയാതെ ക്ഷണിച്ചതിൽ എൻഡിഎ ഘടക കക്ഷികളായ ജനാതാദൾ യുവിനും എൽജെപിയ്ക്കും അകാലിദളിനും അതൃപ്തി ഉണ്ടെന്നാണ് സൂചന. ഈ പാർട്ടികൾ ശിവസേനയുമായി ഇപ്പോഴും നല്ല ബന്ധമാണ് പുലർത്തുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിട്ട് മറുപടി പറയാം എന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More