മേഡ് ഇന്‍ ബംഗ്ലാദേശ്; ശക്തമായ രാഷ്ട്രീയം പറയുന്ന സ്ത്രീപക്ഷ സിനിമ
ഷിമു വിവാഹിതയാണ്. 23-കാരിയായ അവള്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത കുടുംബജീവിതം നയിക്കുന്നു. സ്‌നേഹമുള്ള ഒരു ഭര്‍ത്താവ് അവള്‍ക്കുണ്ട്. അല്ലറ ചില്ലറ പട്ടിണിയൊക്കെ ഉണ്ടെങ്കിലും ഫാമിലി ലൈഫ് ഒരു പരിധി വരെ കളര്‍ഫുള്ളാണ്. അവള്‍ ജോലി ചെയ്യുന്നത് മോഡേണ്‍ അപ്പാരല്‍സ് എന്ന വസ്ത്രനിര്‍മാണ ശാലയിലാണ്. ജോലി സ്ഥലത്ത് പക്ഷേ, കാര്യങ്ങള്‍ അത്ര പന്തിയല്ല. കൃത്യമായി വേതനം കൊടുക്കാതെയും അധിക സമയം ജോലി ചെയ്യിപ്പിച്ചും അവിടെയുള്ള ജീവനക്കാരെ മാനേജ്‌മെന്റ് കഷ്ടപ്പെടുത്തുകയാണ്. ജീവനക്കാരെല്ലാം സ്ത്രീകളാണ്.
ഇതിനിടെ, ഫാക്ടറിയില്‍ ഒരു തീപ്പിടുത്തം ഉണ്ടാവുകയും അതേത്തുടര്‍ന്ന് ഒരു സഹപ്രവര്‍ത്തക മരണപ്പെടുകയും ചെയ്യുന്നു. ഇതോടെ ഷിമു തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവതിയാകുന്നു. അധിക സമയം ജോലി ചെയ്തിട്ടും കൂലി നല്‍കാതിരുന്ന മാനേജറോട് അവള്‍ തര്‍ക്കിക്കുന്നുവെങ്കിലും അവര്‍ അവളെ പിടിച്ച് പുറത്താക്കുന്നു. അങ്ങനെയിരിക്കെ തൊഴിലാളി യൂണിയനെപ്പറ്റി ഷിമു മനസ്സിലാക്കുകയും അതിനായി അവള്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്നു. ഭര്‍ത്താവിന്റെ എതിര്‍പ്പും മാനേജ്‌മെന്റിന്റെ ഭീഷണിയും ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ഉദാസീനതയും അവളെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഷിമു യൂണിയന്‍ രൂപീകരണവുമായി മുന്നോട്ടു നടക്കുന്നു.
രാജ്യാന്തര തലത്തില്‍ പ്രശസ്തയായ റുബയ്യത് ഹുസൈന്‍ അണിയിച്ചൊരുക്കിയ ഗംഭീര ചിത്രം. തൊഴിലിടങ്ങളിലെ അവകാശങ്ങളും നീതി നിഷേധങ്ങളും ചര്‍ച്ച ചെയ്യുന്നതിനൊപ്പം തന്നെ സമാന്തരമായി മധ്യവര്‍ഗ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയും രാജ്യത്തെ തൊഴിലില്ലായ്മയും സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയുമൊക്കെ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ധാക്കയുടെ മറുവശത്തേക്ക് അലസമായി തിരിച്ചു വെക്കുന്ന ക്യാമറയില്‍ പതിയുന്ന പട്ടിണിയുടെയും നിസ്സഹായതയുടെയും കാഴ്ചകളുടെ പശ്ചാത്തലത്തിലുള്ള കൂറ്റന്‍ കെട്ടിടങ്ങളുടെ മങ്ങിയ കാഴ്ച നല്‍കുന്നത് ആ രാജ്യത്തിന്റെ തന്നെ പ്രതിബിംബമാണ്. നേരത്തെ പറഞ്ഞ മധ്യവര്‍ഗ ജനതയുടെ സംസ്‌കാരങ്ങളും ക്യാമറ അതിവിദഗ്ധമായി ഒപ്പിയെടുക്കുന്നുണ്ട്.
അടിച്ചമര്‍ത്തപ്പെടലും നീതിനിഷേധവുമൊക്കെ ഒരു പരിധിക്കപ്പുറം ശൂന്യതയില്‍ നിന്നു പോലും വിപ്ലവകാരികളെ സൃഷ്ടിക്കുമെന്ന തത്വം ഷിമുവിലൂടെ റുബയ്യത് അതിഗംഭീരമായി പറഞ്ഞു വെക്കുന്നു. ഇടക്കിടെ ക്യാമറ വെറുതെ തുറന്ന് നിശബ്ദതയിലൂടെ അതിനെ അലയാന്‍ വിടുന്നതും തെരുവിലേക്ക് ഫ്രെയിം സെറ്റ് ചെയ്ത് മാറി നില്‍ക്കുന്നതുമൊക്കെ സംവിധായികയുടെ കൃത്യമായ ഭാഷയും സംസാരവുമാണ്.
അവസാനത്തെ ഷോട്ടില്‍ ഫ്രെയിമിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെ നടന്നടുക്കുന്ന ഷിമുവിലൂടെ കരുത്തരായ സ്ത്രീകള്‍ ജനിക്കപ്പെടുന്നതെങ്ങനെയെന്നും റുബയ്യത്ത് വ്യക്തമാക്കുന്നുണ്ട്.
മേളയില്‍ ചിത്രത്തിന്റെ അവസാന പ്രദര്‍ശനമായിരുന്നു ഇന്ന് കഴിഞ്ഞത്. ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വരും മാസങ്ങളില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ കാണാന്‍ കഴിഞ്ഞേക്കാം.
– ബാസിത്ത് ബിന്‍ ബുഷ്റ
Story Highlights- Made in Bangladesh, Feminist film, iffk 2019, 24th iffk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here