ഉദയംപേരൂർ വിദ്യ കൊലക്കേസ്: ’96 സിനിമാ മോഡൽ പ്രണയം, തെളിവ് നശിപ്പിക്കൽ ‘ദൃശ്യം’ സ്റ്റൈലിൽ

ഉദയംപേരൂരിലെ വിദ്യ എന്ന വീട്ടമ്മയുടെ കൊലപാതകത്തിൽ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് നാടകീയവും സിനിമാക്കഥയെ വെല്ലുന്നതുമായ ആസൂത്രണ പരമ്പരകൾ. തമിഴ് ചിത്രമായ 96, മോഹൻലാലിന്റെ ദൃശ്യം എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടെന്ന് പ്രതി പ്രേംകുമാർ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

വിദ്യയുടെ ഭർത്താവ് പ്രേംകുമാറും കാമുകിയും ചേർന്ന് നടത്തിയ അരുംകൊലയ്ക്ക് മുമ്പ് നടന്നത് ’96 മോഡൽ പ്രണയവും ശേഷം നടന്നത് ‘ദൃശ്യം’ മോഡൽ തെളിവ് നശിപ്പിക്കലുമാണ്. കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ വകവരുത്താൻ തീരുമാനിച്ച പ്രേംകുമാർ ഇതിനായി വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്.

Read Also: ഉദയംപേരൂർ വിദ്യ കൊലപാതകം; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഒരു ഒത്തുചേരലിന്റെ കഥ

25 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ സ്‌കൂൾ കാലത്താണ് പ്രേംകുമാറും സുനിത ബേബിയും പ്രണയത്തിലാകുന്നത്. വർഷങ്ങൾക്കിപ്പുറം സഹപാഠികൾ അലുമ്‌നി മീറ്റിനായി ഒത്തുചേർന്നപ്പോൾ ഇരുവരുടെയും ബന്ധം വീണ്ടും ശക്തിപ്പെട്ടു.

ബന്ധം തീവ്രമായതോടെ ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് സുനിത ബേബി നാട്ടിലെത്തി. തിരുവനന്തപുരത്ത് വീടെടുത്ത് ഒരുമിച്ചായി താമസം. പ്രേംകുമാർ പതിവായി വീട്ടിൽ നിന്ന് മാറിനിന്ന് തുടങ്ങിയതോടെ ഭാര്യ വിദ്യ എതിർപ്പുമായി രംഗത്തെത്തി. ദിവസേന വീട്ടിൽ ഈ വിഷയത്തിൽ ഇരുവരും തമ്മിൽ കലഹമായി. ഇതോടെ വിദ്യയെ എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയിലായി പ്രേംകുമാറും കാമുകിയും.

കാമുകന് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച സുനിത

തിരുവനന്തപുരം സ്വദേശിനിയായ സുനിത ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ഹൈദരാബാദിലായിരുന്നു താമസം. എന്നാൽ പ്രേംകുമാറുമായി അടുപ്പത്തിലായ യുവതി ഇയാൾക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി ജോലിയും വീടും ഉപേക്ഷിച്ച് പോന്നു. ഇവരുടെ ഭർത്താവും മക്കളും ഹൈദരാബാദിൽ തന്നെയാണിപ്പോഴുമുള്ളത്. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് സുനിത പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.

അരുംകൊലയിലേക്ക്

എറണാകുളം ഉദയംപേരൂരിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തെ പേയാടുള്ള വില്ലയിലേക്ക് വിദ്യയെ പ്രേംകുമാർ എത്തിച്ചു. ശേഷം അമിതമായി മദ്യം നൽകി. മദ്യലഹരിയിലായ വിദ്യയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുനിതയുടെ സഹായത്തോടെ മൃതദേഹം കാറിൽ കയറ്റി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

‘ദൃശ്യം’ മോഡൽ തെളിവ് നശിപ്പിക്കൽ

തെളിവ് നശിപ്പിക്കുന്നതിനും പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കുന്നതിനുമായി ‘ദൃശ്യം’ സിനിമാ മോഡലാണ് പ്രേംകുമാർ തെരഞ്ഞെടുത്തത്. ഇതിനായി വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനായ രാജധാനി എക്‌സ്പ്രസിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. വിദ്യ നാടുവിട്ട് പോയതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനുശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രേംകുമാർ ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ സെപ്തംബർ 22ന് പരാതി നൽകുകയും ചെയ്തു.

ഇതിനുശേഷം ഇയാളൊരു അതിബുദ്ധി കാണിച്ചു. ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഇതോടെ പൊലീസ് അതീവ രഹസ്യമായി പ്രേംകുമാറിനെ നിരീക്ഷിക്കാൻ തുടങ്ങി.

പരാതി നൽകിയ ആൾ തന്നെ മിസിംഗ് കേസിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചതാണ് പൊലീസ് അന്വേഷണം പ്രേംകുമാറിൽ കേന്ദ്രീകരിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്തായി. കേസന്വേഷിക്കുന്ന ഉദയംപേരൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രേംകുമാറിനെയും സുനിതയേയും 14 ദിവസത്തേക്ക് തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

കേസിനെ ബാധിക്കുക തെളിവുകളുടെ അഭാവം

കാമുകിക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കില്ലാത്തതും വിദ്യയുടെ മൃതദേഹം തമിഴ്‌നാട് പൊലീസ് അജ്ഞാത മൃതദേഹമെന്ന പേരിൽ ദഹിപ്പിച്ചതും ശാസ്ത്രീയമായ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴി ഒന്നുകൊണ്ട് മാത്രം കേസിൽ ശിക്ഷിക്കപ്പെടാനുള്ള സാധ്യത വിരളമാണ്. അതേസമയം ഇന്ന് മാധ്യമങ്ങളോട് സംസാരിച്ച കൊച്ചി പൊലീസിലെ ഉന്നതോദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് രണ്ട് പ്രതികളും പൂർണമായും കുറ്റസമ്മതം നടത്തിയെന്നാണ്. സിനിമകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സിനിമാ മോഡൽ വിദ്യാ കൊലക്കേസും ചർച്ചയാകുന്നത്.

 

 

 

udayamperoor vidhya murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top