പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍. ബില്ലിനെ സഭയില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാനാണ് ലീഗിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി.
പ്രത്യക്ഷ സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 15 നും 16 നും മലപ്പുറം പൂക്കോട്ടൂരുനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് ഡേ നൈറ്റ് മാര്‍ച്ച് നടത്താനാണ് യൂത്ത് ലീഗ് ഒരുങ്ങുന്നത്. ഡിസംബര്‍ 14 ന് സംസ്ഥാനത്തെ മുഴുവന്‍ എംപിമാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ സമ്മേളനത്തിനാണ് സമസ്തയുടെ ആഹ്വാനം. സംസ്ഥാന വ്യാപകമായി തുടര്‍ച്ചയായി പ്രതിഷേധ മാര്‍ച്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചുകള്‍. പൗരത്വ ഭേദഗതി ബില്ലിന്റെ പകര്‍പ്പുകള്‍ പലയിടത്തും പ്രതീകാത്മകമായി കത്തിക്കുകയും ചെയ്തു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ആശങ്ക അറിയിക്കുമെന്നും കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാരും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here