കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ സമാപനം

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏഴാം ദിനമായ ഇന്ന് പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് പാരാസൈറ്റും, നോ ഫാദേഴ്‌സ് ഇൻ കശ്മിരും വീണ്ടും പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിൽ പ്രേക്ഷകരുടെ ഇഷ്ട ചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗും ആരംഭിച്ചു.

ഏഴാം ദിനമായ ഇന്ന് 52 ചിത്രങ്ങളാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇതിൽ മത്സര വിഭാഗത്തിലെ ഏഴ് ചിത്രങ്ങളും ഉൾപ്പെടുന്നു. മേളയിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ, ബൂൺ ജൂൺ ഹൂ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദർശനം ഇന്നത്തെ അവസാന പ്രദർശനമായി ടാഗോറിൽ നടക്കും.

അശ്വിൻ കുമാർ സംവിധാനം ചെയ്ത നൊ ഫാദേഴ്‌സ് ഇൻ കാശ്മീർ, നിശാഗന്ധിയിൽ രാത്രി 8.30ക്ക് പ്രദർശിപ്പിക്കും. തുടർന്ന് ദി അൺനോൺ സെയിന്റിന്റെ പ്രദർശനം നടക്കും. 27 സിനിമകളുടെ പ്രദർശനമാണ് നാളെ നടക്കുക. മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം നിശാഗന്ധിയിൽഉദ്ഘാടനം ചെയ്യും. തുടർന്ന് ചലച്ചിത്ര മേളയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് ചലച്ചിത്ര താരം റീമാ കല്ലിങ്ങലിന്റെ നൃത്തവും അരങ്ങേറും.

അതേസമയംചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു. നാളെ വൈകിട്ട്‌ 5.45 വരെയാണ് വോട്ടിംഗ്‌. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നിന് ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. മലയാളത്തിൽ നിന്ന് ജെല്ലിക്കെട്ടും, വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സര വിഭാഗത്തിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top