സുഭാഷ് വാസുവിന്റെ അഴിമതി ആരോപണത്തിന് കാരണം കണക്ക്‌ചോദിച്ചത്; വെള്ളാപ്പളളി നടേശന്‍

എസ്എന്‍ഡിപി യോഗ നേതൃത്വത്തിനെതിരെ കരുനീക്കം തുടങ്ങിയ സുഭാഷ് വാസുവിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. കട്ടത് കണ്ടതും കണക്കുചോദിച്ചതുമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

സുഭാഷ് വാസു പ്രതിയായ മവേലിക്കര മൈക്രോ ഫിനാന്‍സ് കേസും, കള്ളപ്പണം വെളുപ്പിച്ച കേസുമടക്കമുള്ള കാര്യങ്ങള്‍ കുട്ടനാട്ടിലെ പ്രസംഗത്തിലുടനീളം വെള്ളാപ്പള്ളി പരോക്ഷമായി ഉന്നയിച്ചുവെങ്കിലും പേരെടുത്തുള്ള പരാമര്‍ശം ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം. ഒരു കാലത്ത് അടുപ്പക്കാരനും ഇപ്പോള്‍ ശത്രുപാളയത്തിലെ മുന്‍നിരക്കാരനുമായ സുഭാഷ് വാസുവിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ഉന്നയിച്ചത്.

Read More: വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണവുമായി എസ്എന്‍ഡിപി നേതാവ്

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമായ ആള്‍ക്ക് അത്യാര്‍ത്തിയാണ്. അധികാരത്തിലിരുന്നപ്പോഴെല്ലാം കൊള്ള നടത്തിയ ആളാണ് കക്ഷി.
യോഗത്തിന്റെ സംഘടനാ ശക്തിയെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്നും കുലം കുത്തികളെ തിരിച്ചറിയണമെന്നും വെള്ളാപ്പളളി പറഞ്ഞു.

ആനയോളം വലിപ്പമുള്ള സംഘടനയെ ഏലയ്ക്കാ കൊണ്ട് എറിയുകയാണ് ചിലരെല്ലാം. അഴിമതിയുടെ ദുഷപ്പേര് തന്റെ മേല്‍ കെട്ടിവയ്ക്കാനാണ് അക്കൂട്ടരുടെ നീക്കം. സാമ്പത്തിക തട്ടിപ്പ് പുറത്തായപ്പോള്‍ പൊലീസ് കേസായി. അതിനു തന്റെ നേരെ തിരിഞ്ഞിട്ടു കാര്യമില്ല. യൂണിയനുകളുടെ പിന്തുണ അവകാശപ്പെടുന്നവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കാണിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാട് രാമന്‍കരിയില്‍ ശാഖയോഗം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top