Advertisement

സംസ്ഥാനത്ത് കോടതി നടപടികള്‍ ഇനി സ്മാര്‍ട്ടായി അറിയാം

December 15, 2019
Google News 1 minute Read

സംസ്ഥാനത്ത് ഇനിമുതല്‍ കോടതി നടപടികള്‍ സ്മാര്‍ട്ടായി അറിയാം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് കോടതി നടപടികള്‍ അറിയിക്കാനും സമന്‍സ് കൈമാറാനും സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റി തീരുമാനിച്ചു. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡിജിപിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരും അടങ്ങുന്നതാണ് സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റി.

വാട്‌സ്ആപ്പ്, എസ്എംഎസ്, ഇമെയില്‍ എന്നിവ വഴി കോടതി നടപടികള്‍ അറിയിക്കാനും സമന്‍സ് കൈമാറാനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മേല്‍വിലാസങ്ങളിലെ പ്രശ്‌നങ്ങളും സമന്‍സ് മടങ്ങുന്ന പ്രശ്‌നങ്ങളും സമയനഷ്ടങ്ങളുമെല്ലാം പരിഹരിക്കാനാവുമെന്നതാണ് പദ്ധതിയുടെ ഗുണം. സമൂഹമാധ്യമങ്ങള്‍ വഴി നടപടി നടത്തുന്നതിന് ക്രിമിനല്‍ നടപടിചട്ടം 62ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും.

പദ്ധതി നടപ്പിലാക്കുന്നതോടെ വാദികളുടെയും പ്രതികളുടെയും മൊബൈല്‍ നമ്പറും ഇനി കേസിനൊപ്പം ചേര്‍ക്കും. ഇതുകൂടാതെ, കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍മാരെക്കൂടി പങ്കാളിയാക്കാനും യോഗത്തില്‍ തീരുമാനമായി. പഴയകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാ മാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പൊലീസ് മേധാവിയും യോഗം ചേരും. മിനിമം രണ്ടുവര്‍ഷമെങ്കിലുമായ പെറ്റിക്കേസുകളാണ് കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകയോഗം ചേര്‍ന്ന് തീര്‍പ്പാക്കുക. രണ്ടുവര്‍ഷത്തിനിടെ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ ജനുവരി 31-നകം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറാനും നിര്‍േദശമുണ്ട്. കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിയും യോഗത്തിന് എത്തുമെന്ന് സംസ്ഥാന സര്‍ക്കാരും ഡിജിപിയും ഉറപ്പാക്കും. ഹെക്കോടതിയിലെ കണക്ക് ഒഴിച്ചാല്‍ കേരളത്തില്‍ 12,77,325 കേസുകളാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ 3,96,889 എണ്ണം സിവില്‍ കേസും 8,80,436 ക്രിമിനല്‍ കേസുകളുമാണ്.

 

Story Highlights- Court proceedings, social media, whatsapp, sms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here