ആഞ്ഞടിച്ച് ഹെട്മയർ; വിൻഡീസ് കുതിക്കുന്നു

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ വിൻഡീസ് കുതിക്കുന്നു. കൂറ്റൻ ഷോട്ടുകളുമായി ഇന്ത്യൻ ബൗളർമാരെ തല്ലിച്ചതക്കുന്ന യുവതാരം ഷിംറോൺ ഹെട്മയറുടെ മികവിലാണ് വിൻഡീസ് മുന്നേറുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 24 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ വെസ്റ്റ് ഇൻഡീസ് 128 റൺസെന്ന നിലയിലാണ്.
തുടർച്ചയായ മികച്ച ഓവറുകളുമായാണ് ഇന്ത്യൻ ഓപ്പണിംഗ് ബൗളർമാർ വിൻഡീസിനെ നേരിട്ടത്. പ്രത്യേകിച്ചും ദീപക് ചഹാറിൻ്റെ കൃത്യതയാർന്ന ബൗളിംഗ് വിൻഡീസ് ഓപ്പണർമാരെ തുടർച്ചയായി പരീക്ഷിച്ചു. അഞ്ചാം ഓവറിൽ തന്നെ വിൻഡീസിന് സുനിൽ ആംബ്രിസിനെ നഷ്ടമായി. 9 റൺസെടുത്ത ആംബ്രിസ് ചഹാറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.
രണ്ടാം വിക്കറ്റിലാണ് ഹെട്മയർ ക്രീസിലെത്തിയത്. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ ടൈമിംഗ് കണ്ടെത്താൻ വിഷമിച്ച ഹെട്മയറിൻ്റെ ചില ഷോട്ടുകൾ എഡ്ജ്ഡ് ആയി ബൗണ്ടറി കടന്നു. എന്നാൽ ആദ്യത്തെ ടൈമിംഗ് ഇല്ലായ്മ വേഗത്തിൽ മറികടന്ന അദ്ദേഹം ഇന്ത്യൻ ബൗളർമാരെ തല്ലിച്ചതക്കാൻ തുടങ്ങി. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും കോലിക്ക് ഈ കൂട്ടുകെട്ട് തകർക്കാനായില്ല. ഇതിനിടെ 50 പന്തുകളിൽ ഹെട്‌മയർ അർധസെഞ്ചുറി തികച്ചു. ഹെട്മയറിന് ഉറച്ച പിന്തുണ നൽകി ഷായ് ഹോപ്പും ക്രീസിൽ പിടിച്ചു നിന്നതോടെ ഇന്ത്യ അപകടം മണത്തു തുടങ്ങി.
നിലവിൽ ഷായ് ഹോപ്പ് 38 റൺസെടുത്തും ഹെട്മയർ 62 പന്തുകളിൽ 76 റൺസെടുത്തും ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് 125 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here