Advertisement

ഹെട്മയറിനും ഷായ് ഹോപ്പിനും സെഞ്ചുറി; വിൻഡീസിന് അനായാസ ജയം

December 15, 2019
Google News 1 minute Read

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. പന്തുകൾ ബാക്കി നിൽക്കെ വിക്കറ്റിനാണ് വിൻഡീസ് ജയിച്ചു കയറിയത്. ഷിംറോൺ ഹെട്മയറും ഷായ് ഹോപ്പും വിൻഡീസിനായി സെഞ്ചുറികൾ നേടി. ഇന്ത്യക്കായി ദീപക് ചഹാറും കുൽദീപ് യാദവും ഒഴികെ മറ്റു ബൗളർമാരെല്ലാം തല്ലു വാങ്ങി.

തുടർച്ചയായ മികച്ച ഓവറുകളുമായാണ് ഇന്ത്യൻ ഓപ്പണിംഗ് ബൗളർമാർ വിൻഡീസിനെ നേരിട്ടത്. പ്രത്യേകിച്ചും ദീപക് ചഹാറിൻ്റെ കൃത്യതയാർന്ന ബൗളിംഗ് വിൻഡീസ് ഓപ്പണർമാരെ തുടർച്ചയായി പരീക്ഷിച്ചു. അഞ്ചാം ഓവറിൽ തന്നെ വിൻഡീസിന് സുനിൽ ആംബ്രിസിനെ നഷ്ടമായി. 9 റൺസെടുത്ത ആംബ്രിസ് ചഹാറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

രണ്ടാം വിക്കറ്റിലാണ് ഹെട്മയർ ക്രീസിലെത്തിയത്. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ ടൈമിംഗ് കണ്ടെത്താൻ വിഷമിച്ച ഹെട്മയറിൻ്റെ ചില ഷോട്ടുകൾ എഡ്ജ്ഡ് ആയി ബൗണ്ടറി കടന്നു. എന്നാൽ ആദ്യത്തെ ടൈമിംഗ് ഇല്ലായ്മ വേഗത്തിൽ മറികടന്ന അദ്ദേഹം ഇന്ത്യൻ ബൗളർമാരെ തല്ലിച്ചതക്കാൻ തുടങ്ങി. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും കോലിക്ക് ഈ കൂട്ടുകെട്ട് തകർക്കാനായില്ല. ഇതിനിടെ 50 പന്തുകളിൽ ഹെട്‌മയർ അർധസെഞ്ചുറി തികച്ചു. ഹെട്മയറിന് ഉറച്ച പിന്തുണ നൽകി ഷായ് ഹോപ്പും ക്രീസിൽ പിടിച്ചു നിന്നതോടെ ഇന്ത്യ അപകടം മണത്തു തുടങ്ങി.

ഏറെ വൈകാതെ ഹെട്മയർ തൻ്റെ സെഞ്ചുറി കുറിച്ചു. 85 പന്തുകളിലാണ് യുവതാരം ശതകം തികച്ചത്. 106 റൺസിൽ നിൽക്കെ ദീപക് ചഹാറിൻ്റെ പന്തിൽ ഹെട്മയർ നൽകിയ ഒരു അനായാസ അവസരം ശ്രേയസ് അയ്യർ നിലത്തിട്ടു. തൊട്ടടുത്ത ഓവറിൽ തുടർച്ചയായ രണ്ട് സിക്സറുകളുമായാണ് ഹെട്മയർ ഈ ലൈഫ് ആഘോഷിച്ചത്. ഇതിനിടെ ഹെട്മയർ-ഹോപ്പ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 200 റൺസ് പിന്നിട്ടു. 39ആം ഓവറിൽ മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 106 പന്തുകളിൽ 11 ബൗണ്ടറികളും ഏഴ് സിക്സറുകളും സഹിതം 139 റൺസെടുത്ത ഹെട്മയറെ ഷമിയുടെ പന്തിൽ ശ്രേയസ് തന്നെ പിടികൂടി. രണ്ടാം വിക്കറ്റിൽ ഷായ് ഹോപ്പുമായി 218 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഹെട്മയർ ക്രീസ് വിട്ടത്. അപ്പോഴേക്കും വിൻഡീസ് സുരക്ഷിതമായ ഇടത്തെത്തിയിരുന്നു.

149 പന്തുകളിൽ ഷായ് ഹോപ്പും സെഞ്ചുറിയിലെത്തി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച നിക്കോളാസ് പുരാനും ഷായ് ഹോപ്പും വിൻഡീസ് ജയം ഓവറുകൾ നേരത്തെയാക്കി. ശിവം ദുബെ എറിഞ്ഞ 48ആം ഓവറിൽ മൂന്നു ബൗണ്ടറികളിച്ച് പുരാനാണ് വിൻഡീസിനെ അനായാസ ജയത്തിലെത്തിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 62 റൺസ് കൂട്ടിച്ചേർത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here