പൗരത്വ ബില്ലിനെതിരായ നാളത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി

പൗരത്വ ബില്ലിനെതിരായ നാളത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. അത് വീണ്ടും വ്യക്തമാക്കേണ്ട കാര്യമില്ല. ഹർത്താൽ നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, നാളത്തെ ഹർത്താൽ നിയമ വിരുദ്ധമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി.
ഹർത്താലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരിഗണിക്കവേയാണ് ഹൈക്കോടതി പരാമർശം. ഹർത്താൽ നിയമവിരുദ്ധമാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എപ്പോഴും ആവർത്തിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ ഹർത്താലിനെ നേരിടാൻ പൊലീസ് സജ്ജമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ ധരിപ്പിച്ചു. ക്രമസമാധാനം പുലർത്താൻ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായും സർക്കാർ ബോധിപ്പിച്ചു.
അതേസമയം, മിന്നൽ ഹർത്താൽ പാടില്ലെന്നും ഏഴു ദിവസത്തെ നോട്ടീസ് വേണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിനു വിരുദ്ധമാണ് ചൊവ്വാഴ്ചയിലെ ഹർത്താലെന്ന നിലപാടിലാണ് പൊലീസ്. പൊതു മുതലോ സ്വകാര്യ മുതലോ നശിപ്പിച്ചാൽ നഷ്ടപരിഹാരം ഈടാക്കാൻ സിവിൽ കേസെടുക്കും. ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമിതിയും വ്യക്തമാക്കി. അയ്യപ്പ ഭക്തരുടെ വാഹനങ്ങളും റാന്നി താലൂക്കിനെയും പൂർണമായും ഹർത്താലിൽ നിന്ന് ഒഴിവാക്കിയെന്നും സമിതി.
ഹർത്താലിനോട് സഹകരിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടിയും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും. ചൊവ്വാഴ്ചയിലെ ഹർത്താലിനെ സിപിഎമ്മും നേരത്തെ തളളിക്കളഞ്ഞിരുന്നു. ബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here