Advertisement

ഇടവേളയ്ക്ക് ശേഷം ഹോങ്കോങ് പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; പ്രക്ഷോഭകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു

December 16, 2019
Google News 0 minutes Read

ചെറിയ ഇടവേളയ്ക്കുശേഷം ഹോങ്കോങ് പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. ഇന്നലെ രാത്രി പ്രക്ഷോഭകാരികൾക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തിൽ പരുക്കേറ്റ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീഫ് എക്സിക്യുട്ടീവ് ക്യാരി ലാം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഇന്ന് ബെയ്ജിംഗിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രക്ഷോഭം വീണ്ടും ശക്തമായത്.

മുഖംമൂടിയണിഞ്ഞ യുവ പ്രക്ഷോഭകാരികൾ മോങ് കോക്ക് ജില്ലിയിൽ റോഡുകൾ ഉപരോധിച്ചതോടെയാണ് പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തത്. രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചത്.

പ്രക്ഷോഭകാരികൾ തെരുവുകളിൽ പലയിടത്തും തീയിടുകയും ട്രാഫിക് ലൈറ്റുകൾ അടിച്ചുതകർക്കുകയും ചെയ്തു. പൊലീസ് എയ്ത അമ്പ് കൊണ്ട്, മുഖത്ത് പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല ഷോപ്പിംഗ്മാളുകളുടെയും പ്രവേശന കവാടം ഉപരോധിച്ച പ്രക്ഷോഭകാരികൾ മാളുകളുടെ ഗ്ലാസുകൾ തകർത്തു. തുടർന്ന് മാളുകളിലെ മിക്ക ഷോപ്പുകളും അടച്ചു. നിരവധി പ്രക്ഷോഭകാരികളെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ഇപ്പോൾ ബെയ്ജിംഗിലുള്ള ഹോങ്കോംഗ് ചീഫ് എക്സിക്യുട്ടീവ് ക്യാരി ലാം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംങ്മായി ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിസഭാ പുനസംഘടനയടക്കമുള്ള നിർദേശങ്ങൾ ഷീ ജിൻപിംഗ്, ക്യാരി ലാമിന് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, ക്യാരി ലാം ഇത് നിഷേധിച്ചു. അക്രമം തടയുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനാണ് മുഖ്യ പരിഗണനയെന്നും മറ്റെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും അവർ പറഞ്ഞു. കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ആറ് മാസം മുമ്പാണ് ഹോങ്കോങിൽ പ്രക്ഷോഭം ആരംഭിച്ചത്. തുടർന്ന് നിയമം പിൻവലിച്ചെങ്കിലും കൂടുതൽ ജനാധിപത്യ അവകാശങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here